കാടുമൂടി,​ മാലിന്യം നിറഞ്ഞ് ഇടവ വെറ്റക്കട പാർക്ക്

Thursday 03 April 2025 2:17 AM IST

വർക്കല: കായലോര ടൂറിസം ലക്ഷ്യമിട്ട് ലക്ഷങ്ങൾ ചെലവഴിച്ച ഇടവ വെറ്റക്കട പാർക്ക് ആരും തിരിഞ്ഞുനോക്കാതെ നാശത്തിന്റെ വക്കിൽ. വിനോദസഞ്ചാരികളെ ആകർഷിക്കാൻ പാകത്തിൽ ഇരിപ്പിടങ്ങളും നടപ്പാതയും മറ്റ് സൗകര്യങ്ങളുമൊരുക്കി മനോഹരമാക്കിയ പാർക്കിന്ന് മാലിന്യനിക്ഷേപ കേന്ദ്രമായി മാറിക്കഴിഞ്ഞു. പ്രദേശം കാടുമൂടിയതോടെ ഇവിടം കന്നുകാലികളെ തീറ്റാനുള്ള സ്ഥലമായി മാറി. ഇടവ -കാപ്പിൽ തീരദേശ പാതയിൽ റോഡിന് സമീപമുള്ള പാർക്കിനോടു ചേർന്ന് കായലും കടലും ഒരുപോലെ ആസ്വദിക്കാൻ കഴിയും. സാംസ്കാരികപരിപാടികൾ സംഘടിപ്പിക്കാനുള്ള സൗകര്യമുണ്ടെങ്കിലും വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ അധികൃതർ തയാറാകുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. രാത്രികാലങ്ങളിൽ ഇവിടം പരസ്യ മദ്യപാന കേന്ദ്രമാക്കി സാമൂഹ്യവിരുദ്ധർ മാറ്റിയിട്ടുണ്ട്. മദ്യക്കുപ്പികളും ആഹാരാവശിഷ്ടങ്ങളും വലിച്ചെറിയുന്നത് പതിവ്കാഴ്ചയാണെന്നും വെളിച്ചമില്ലായ്മയാണ് ഇത്തരത്തിൽ സാമൂഹ്യവിരുദ്ധശല്യം വർദ്ധിക്കാൻ കാരണമായതെന്നും നാട്ടുകാർ പറയുന്നു.

പ്ലാസ്റ്റിക്ക് കുപ്പികളും മാലിന്യവും

കായലോരത്തെ കാടുമൂടിയ പ്രദേശത്ത് ലഹരി ഉപയോഗവും വില്പനയും നടക്കുന്നുണ്ടെന്നാണ് പരാതി. ആഴം കുറഞ്ഞ കായൽ തീരമായതിനാൽ കൊല്ലം ജില്ലയിൽ നിന്നുൾപ്പെടെ കുട്ടികളെ നീന്തൽ പരിശീലനത്തിനായി മുൻകാലങ്ങളിൽ ഇവിടെ എത്തിച്ചിരുന്നു. കുട്ടികൾക്ക് സ്‌കേറ്റിംഗ് പരിശീലനത്തിനുള്ള സൗകര്യവും ഇവിടെയുണ്ട്. നിലവിൽ പ്ലാസ്റ്റിക്ക് കുപ്പികളും മദ്യക്കുപ്പികളും,​ വലിച്ചെറിയപ്പെടുന്ന മറ്റ് അവശിഷ്ടങ്ങളും കൊണ്ട് ചതുപ്പായി പ്രദേശം മാറിയിരിക്കുകയാണ്. സമീപകാലത്ത് ചില സന്നദ്ധ സംഘടനകൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയതിൽ വലിയൊരു ശേഖരം മദ്യക്കുപ്പികളാണ് കായലിൽ നിന്നും പുറത്തെടുത്തത്.

നിരീക്ഷിക്കണം

കാപ്പിൽ നിന്നും തെക്കുഭാഗത്തേക്ക് നീണ്ടു വരുന്ന കായൽ പതിനെട്ടാംപടി പ്രദേശം കഴിഞ്ഞാൽ ഒഴുക്ക് നിലച്ച് രണ്ടായി വേർപെട്ട നിലയിലാണ്. തീരദേശ മേഖലയിൽ വിനോദസഞ്ചാരത്തിനായി കോടികൾ സർക്കാർ ചെലവിടുമ്പോഴും ഇത്തരത്തിലുള്ള മനോഹരമായ ഇടങ്ങൾ അധികൃതരുടെ ശ്രദ്ധ കിട്ടാതെ നശിക്കുന്നു. ടൂറിസം മേഖലയിൽ കാതലായ മാറ്റങ്ങൾ വരുമ്പോഴും ആകർഷണീയമായ ഇത്തരം മേഖലകൾ അവഗണിക്കപ്പെടുന്നു. പൊലീസിന്റെ നിരീക്ഷണ ക്യാമറകൾ ഇവിടെ അത്യാവശ്യമാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.