റിസോഴ്സ് അദ്ധ്യാപക പരിശീലനം
കണ്ണൂർ: കുട്ടികളിൽ വായനാശീലം വളർത്തി അവധിക്കാലം സർഗാത്മകമാക്കാൻ ഒരുങ്ങി സമഗ്ര ശിക്ഷാ കേരളം. ഗ്രന്ഥശാലകളുമായി സഹകരിച്ച് 'വായനയാണ് ലഹരി' എഴുത്തുകൂട്ടം സംഘടിപ്പിക്കും. പരിപാടിയുടെ ഭാഗമായുള്ള ജില്ലാതല റിസോഴ്സ് അദ്ധ്യാപക പരിശീലനം കണ്ണൂർ നോർത്ത് ബി.ആർ.സിയിൽ ഗ്രന്ഥശാല സംഘം ജില്ലാ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർ ഇ.സി. വിനോദ് അദ്ധ്യക്ഷനായി. ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. രാജേഷ് കടന്നപ്പള്ളി, ഇ.സി അതുൽ കൃഷ്ണൻ സംസാരിച്ചു. കെ. ജയരാജൻ, എം.കെ സ്വാദിഷ് എന്നിവർ നേതൃത്വം നൽകി. കുട്ടികളിൽ വായന ശീലവും സർഗാത്മകതയും വളർത്താൻ നടപ്പിലാക്കിയ പദ്ധതിയാണ് എഴുത്തുകൂട്ടം വായനക്കൂട്ടം. ഇതിന്റെ ഭാഗമായി സ്കൂളുകൾ കേന്ദ്രീകരിച്ച് വായനക്കൂട്ടങ്ങൾ, പുസ്തകപരിചയം, ചർച്ച തുടങ്ങിയ പ്രവർത്തനങ്ങളും സ്കൂൾതല കോ ഓർഡിനേറ്റർമാരായ അദ്ധ്യാപകർക്ക് ശില്പശാലയും നടത്തിയിരുന്നു.