ചീഫ് സെക്രട്ടറി വലിയവെളിച്ചത്ത്
കണ്ണൂർ: വലിയവെളിച്ചത്ത് കെ.എസ്.ഐ.ഡി.സിയുടെ വ്യവസായകേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റായ ഗ്രീൻ വേംസ് റീസൈക്ലിംഗ് ഹബ് കേരള ചീഫ് സെക്രട്ടറി ശാരദ മുരളീധരനും ജില്ലാ കളക്ടർ അരുൺ കെ. വിജയനും സന്ദർശിച്ചു. പൂർണ്ണമായും ആധുനിക സാങ്കേതിക വിദ്യകളോടെ ഓട്ടോമെറ്റിക് മെഷീനറികൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഗ്രീൻ വേംസ് റീസൈക്ലിംഗ് ഫെസിലിറ്റി വർഷം 4700 മെട്രിക് ടൺ പ്ലാസ്റ്റിക് കവറുകളുടെ പുനഃചക്രമണം സാധ്യമാക്കുന്നു. ലോ വാല്യൂ ഫ്‌ളെക്സിബിൾ പ്ലാസ്റ്റിക് ഫിലിമുകൾ റീസൈക്ലിംഗ് ചെയ്യുന്നതിൽ കേരളത്തിലെ ഏറ്റവും വലിയ പ്ലാന്റായ പ്രസ്തുത റീസൈക്ലിംഗ് ഹബ് സംസ്ഥാനത്ത് സംഭരിക്കുന്നവയിൽ റീസൈക്ലിംഗ് യോഗ്യമായ പ്ലാസ്റ്റിക് കവറുകളുടെ 30 ശതമാനം റീസൈക്ലിംഗ് സാദ്ധ്യമാക്കാൻ ശേഷിയുള്ളതാണ്. ഗ്രീൻ വേംസ് റീസൈക്ലിംഗ് ഫെസിലിറ്റിയുടെ സാങ്കേതിക മികവിനെ ശാരദ മുരളീധരൻ അഭിനന്ദിച്ചു.