അമേരിക്കയുടെ താരിഫ് യുദ്ധം

Thursday 03 April 2025 4:01 AM IST

സാമ്പത്തിക ശാസ്‌ത്രത്തിൽ നികുതിയും ചുങ്കവുമൊക്കെ പുട്ടിന് പീര എന്ന രീതിയിൽ മാത്രമേ ചേർക്കാൻ പാടുള്ളൂ എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. വരുമാനം കൂട്ടാൻ വേണ്ടി പല സർക്കാരുകളും പല ന്യായങ്ങളുടെ പേരിൽ ഈ നിയമങ്ങൾ തെറ്റിക്കാറുണ്ട്. വർഷങ്ങൾക്കു മുമ്പ് സമ്പന്നർക്ക് തൊണ്ണൂറു ശതമാനം വരെ ആദായനികുതി നിലനിന്നിരുന്ന രാജ്യമാണ് ഇന്ത്യ. അതായത്,​ രണ്ടു രൂപ ലാഭമുണ്ടാക്കിയാൽ നികുതിയായി ഏതാണ്ട് അതിന്റെ പകുതി സർക്കാരിനു നൽകണം. ഇത് വെറും അസംബന്ധമാണെന്ന് വർഷം തോറും നടത്തുന്ന ബഡ്‌ജറ്റ് പ്രസംഗത്തിലും മറ്റും നാനി പൽക്കിവാലയെപ്പോലുള്ളവർ വിമർശിച്ചെങ്കിലും സോഷ്യലിസത്തിന്റെ ഗർവിൽ കഴിഞ്ഞിരുന്ന സർക്കാർ അനങ്ങിയിരുന്നില്ല. എന്നാൽ അക്കാലങ്ങളിലാണ് ഏറ്റവും കൂടുതൽ നികുതി വെട്ടിപ്പ് നടന്നിരുന്നത്!

ന്യായമായ നികുതി നിശ്ചയിച്ചാൽ ആളുകൾ അത് പാലിക്കാൻ തയാറാകും. അന്യായമായത് നിശ്ചയിച്ചാൽ അത് എങ്ങനെയെങ്കിലും വെട്ടിക്കാനാവും ഒരു വലിയ ശതമാനം പേർ ശ്രമിക്കുക. അതിനവരെ കുറ്റം പറഞ്ഞിട്ടൊന്നും കാര്യമില്ല. പിന്നീട് ഇന്ത്യയിൽ ആദായനികുതിയുടെ പരിധി കുറച്ചപ്പോഴാണ് ആദായനികുതിയിലൂടെ ലഭിക്കുന്ന വരുമാനം സർക്കാരിന് കൂടിയത്. ഇപ്പോഴത് അതിസമ്പന്നർക്ക് പരമാവധി മുപ്പത് ശതമാനമാണ്. അതായത് ഒരു രൂപ ലാഭമുണ്ടാക്കിയാൽ 30 പൈസ സർക്കാരിന് നൽകിയാൽ മതി. ഒരു വസ്തുവിന്റെ യഥാർത്ഥ വിലയുടെ ഒരു നിശ്ചിത ശതമാനത്തിനപ്പുറം നികുതിയായി ചുമത്തുന്നത് ന്യായീകരിക്കാനാവുന്നതല്ല. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാർഷികോത്‌പന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്ന ശരാശരി തീരുവ 37.7 ശതമാനമാണ്. ചില കാർഷികോത്‌പന്നങ്ങൾക്ക് 100 ശതമാനം തീരുവയും ഏർപ്പെടുത്തിയിട്ടുണ്ട്.

അതു ന്യായമല്ലെങ്കിലും,​ അത് കുറയ്ക്കാൻ തുനിഞ്ഞാൽ ഇന്ത്യയിലെ കർഷകർ പ്രക്ഷോഭത്തിനിറങ്ങും. അതിനാൽ രാഷ്ട്രീയമായ കാരണങ്ങളാൽ ഇന്ത്യയ്ക്ക് അത് കുറയ്ക്കാനാകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി മോദി വിശദീകരിച്ചിരുന്നതായി വാർത്തകൾ വന്നിരുന്നു. അങ്ങനെ വരുമ്പോൾ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്‌പന്നങ്ങൾക്കുള്ള ചുങ്കം അമേരിക്ക ഉയർത്തുമ്പോൾ അതിനെ ചോദ്യം ചെയ്യാനുള്ള ധാർമ്മിക അവകാശം ഇന്ത്യയ്ക്കില്ല എന്നതാണ് യാഥാർത്ഥ്യം. അതേസമയം അമേരിക്ക ചുങ്കം ഉയർത്തുമ്പോൾ ആ പേരു പറഞ്ഞ് ഇന്ത്യയ്ക്ക് അമേരിക്കയുടെ കാർഷിക ഇറക്കുമതിയുടെ ചുങ്കം കുറയ്ക്കാൻ നടപടി എടുക്കേണ്ടിവരും. അതാണ് ഇനി ഭാവിയിൽ നടക്കാൻ പോകുന്നത്. അമേരിക്കയുമായി വാണിജ്യത്തിലേർപ്പെട്ടിരിക്കുന്ന എല്ലാ രാജ്യങ്ങളെയും ഇത്തരമൊരു സമ്മർദ്ദത്തിലാക്കാൻ പോന്നതാണ് ട്രംപിന്റെ പകരച്ചുങ്കം നടപടി. ഇത് എത്രമാത്രം വിജയിക്കുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്.

ഇന്ത്യൻ കാർഷികോത്‌പന്നങ്ങൾക്ക് യു.എസിൽ 5.3 ശതമാനമാണ് ശരാശരി തീരുവ. ഇതൊക്കെ കരാർ പ്രകാരമുള്ളതാണെങ്കിലും ഒരു രാജ്യം ഭരിക്കുന്ന സർക്കാരിന് ഇക്കാര്യങ്ങളിൽ മാറ്റം വരുത്താം. അതാണ് ട്രംപ് ഇപ്പോൾ ചെയ്യുന്നത്. രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ പോലും ശിഥിലമാക്കാൻ അമേരിക്കയുടെ ഈ താരിഫ് യുദ്ധം ഇടയാക്കും. ചുങ്കവും താരിഫുമൊക്കെ ഒരു വസ്തുവിന്റെ അല്ലെങ്കിൽ ഉത്‌പന്നത്തിന്റെ യഥാർത്ഥ വിലയുടെ നിശ്ചിത ശതമാനത്തിൽ കൂടാൻ പാടില്ലെന്നുള്ള തത്വമാണ് പൊതുവെ ലോകരാജ്യങ്ങൾ അംഗീകരിക്കേണ്ടത്. അല്ലെങ്കിൽ ചുമത്താവുന്ന താരിഫിന്റെ പരമാവധി ഇത്ര ശതമാനമെന്ന് ലോക വ്യാപാര സംഘടനകളും മറ്റും നിശ്ചയിക്കണം. അങ്ങനെ വരുന്നതിന്റെ ഗുണം ഏതു രാജ്യത്തുമുള്ള ഉപഭോക്താക്കൾക്കാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ അതൊന്നും ഉടനെ സംഭവിക്കാനും ഇടയില്ല. യു.എസ് നടപടിയുടെ ആഘാതം രാഷ്ട്രീയമായും സാമ്പത്തികമായും തടയാനുള്ള നീക്കങ്ങളാണ് ഇന്ത്യ അടിയന്തരമായി നടത്തേണ്ടത്.