കഥയുടെ കഥപറഞ്ഞ ഒറ്റയാൻ
മനുഷ്യന് സമാധാനമായി എങ്ങനെ ഇവിടം വിടാം, മരിക്കാം എന്നാണ് തന്റെ കഥകൾ അന്വേഷിക്കുന്നതെന്ന് ഇ.വി. ശ്രീധരൻ തമാശയായോ കാര്യമായോ പറയാറുണ്ട്. ജീവിതത്തിലെ പ്രശ്നം അവസാനമായി ജീവിച്ചുതീർക്കുക എന്നതാവുമ്പോൾ മരണം മാത്രമാണ് മുന്നിൽ. ഒരർത്ഥത്തിൽ കഴിഞ്ഞ രണ്ടാഴ്ചയിലേറെക്കാലം ഇ.വി. ശ്രീധരൻ സ്വന്തം കഥയിലെതന്നെ കഥാപാത്രമാവുകയായിരുന്നു.
ന്യുമോണിയ പിടിപെട്ട് ഗുരുതരാവസ്ഥയിൽ വടകരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശ്രീധരന്റെ ജീവൻ യഥാർത്ഥത്തിൽ കുടുംബാംഗങ്ങളുടെ പ്രാർത്ഥനയിലായിരുന്നു. ആശുപത്രിയിൽ എല്ലാ വിദഗ്ധചികിത്സയും ലഭിക്കുമ്പോഴും പ്രതീക്ഷ മങ്ങിയും തെളിഞ്ഞും മാറിമറിഞ്ഞുകൊണ്ടിരുന്നു. സന്ദർശകരെ തിരിച്ചറിയുന്നുണ്ടായിരുന്നെങ്കിലും പ്രതികരണത്തിൽ വാക്കുകൾ വ്യക്തമാവുന്നില്ലായിരുന്നു. ഇടയ്ക്ക് രണ്ടുതവണ ഹൃദയാഘാതമുണ്ടായി. ഒരു തവണ കടുത്തുതന്നെ. അതു രണ്ടും അതിജീവിച്ച ശ്രീധരൻ തിരിച്ചുവരുമെന്ന നേരിയ പ്രതീക്ഷ നല്കി.
ശ്രീധരൻ എന്തെല്ലാം വേദനകളിലൂടെയാണ് കടന്നുപോകുന്നതെന്നറിയാതെ വിഷമിച്ച ബന്ധുക്കൾക്ക് ആശ്വാസമേകിക്കൊണ്ട് ഒരു ദിവസം പെട്ടെന്ന് ശ്രീധരന്റെ വ്യക്തമായ ആ വാക്ക്: 'ഒന്നൂല്ല, ഒന്നൂല്ല." അതു പകർന്ന ആശ്വാസം നീണ്ടുനിന്നില്ല. മറ്റുള്ളവർ വേദനിക്കാതിരിക്കാൻ ആ അവസ്ഥയിലും ശ്രീധരൻ ആശ്വാസവാക്കുകൾ പറഞ്ഞതാവാം. ആശുപത്രിയിൽ നിന്ന് രണ്ടുതവണ ഡിസ്ചാർജ് ചെയ്ത് വീട്ടിൽ പോയതാണ്. അസ്വാസ്ഥ്യത്തെ തുടർന്ന് രണ്ടു തവണയും ആശുപത്രിയിലേക്ക് തിരിച്ചുപോരേണ്ടി വന്നു. മരണത്തിൽ നിന്ന് ജീവിതത്തിലേക്കും ജീവിതത്തിൽനിന്ന് മരണത്തിലേക്കുമുള്ള രണ്ടു യാത്രകൾ.
ശ്രീധരന്റെ ജീവിതയാത്ര ഒറ്റയാന്റെയാണ്. സ്വന്തമായി ഒരു കുടുംബമില്ലാതിരുന്ന ശ്രീധരന് അന്ത്യഘട്ടത്തിലെ ഈ വിഷമാവസ്ഥയിൽ കുടുംബമായത് മരുമകൾ റസിയയും ഭർത്താവ് ഊരാളുങ്കൽ സൊസൈറ്റി ജീവനക്കാരനായ ഹരിയും മക്കളായ സാഹിനും ഗോപികയുമാണ്. അനുസരണമറിയാത്ത ആ ജീവിതത്തിന് അവർ നല്കിയ പരിചരണം അവർക്കു മാത്രം നല്കാൻ കഴിയുന്നതാണ്. ഒരു കാഴ്ച മനസിൽ നിന്ന് മായുന്നേയില്ല. ശ്രീധരന്റെ പ്രതികരണം ഉറപ്പുവരുത്താൻ ആശുപത്രിക്കിടക്കയിൽ ശ്രീധരനോടു ചേർന്നിരുന്ന് ചുംബിക്കുന്നതുപോലെ ചുണ്ടുകൾ കാതിൽ ചേർത്ത് 'മാമാ" എന്ന് ഉറക്കെയുള്ള സാഹിന്റെ വിളി.
ഇ.വി.ശ്രീധരനെന്ന എഴുത്തുകാരനെ നന്നായറിഞ്ഞ് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാൻ സന്നദ്ധനായിരുന്നു ഹരി. ഒരു ചെറുപുഴയെന്നുതന്നെ പറയാവുന്ന തോടിന്റെ കുളിർമ്മയുള്ള പശ്ചാത്തലത്തിൽ ശ്രീധരന് എഴുതാൻ മാത്രമായി ഒരു കൊച്ചു വീട് ഹരി പണിതുവച്ചിട്ടുണ്ട്. ശ്രീധരൻ അന്ത്യവിശ്രമംകൊള്ളുക കോഴിക്കോട് ജില്ലയിലെ വള്ളിക്കാട്ടുള്ള ഈ പടവത്തിൽ വീട്ടുപറമ്പിലായിരിക്കും. കഥകളിലൂടെയും അല്ലാതെയും മരണത്തോട് സല്ലപിച്ചു സല്ലപിച്ച് ഇ.വി. ശ്രീധരൻ യാത്രയാവുകയാണ്. മറ്റുള്ളവർ കഥകളെഴുതിയപ്പോൾ ശ്രീധരൻ കഥയുടെ കഥയെഴുതുകയായിരുന്നു.
ഒരു മനുഷ്യൻ മരണത്തിനു മുമ്പിൽ അവസാനമായി പറയുന്നതെന്തായിരിക്കും? ആ വാക്കുകൾ അതിന്റെ സ്വരങ്ങൾ പിടിച്ചെടുക്കാൻ ശ്രീധരന്റെ കഥകൾ അഭിലഷിക്കുന്നു. വാക്കിന്റെ അവസാനവാക്ക് കഥ പറയുന്നു. എല്ലാ അഭിനയങ്ങളും കഴിഞ്ഞ വാക്ക്, എല്ലാ സ്വപ്നങ്ങളും കണ്ട വാക്ക്, എല്ലാ വിപ്ലവങ്ങളും നടത്തിയ വാക്ക്. തീയും നാളവുമണഞ്ഞ് വെറും വാക്കായ വാക്ക്. കഥ പറഞ്ഞ വാക്ക് സ്വയം കഥയാവുന്നു. പ്രത്യക്ഷ യാഥാർത്ഥ്യങ്ങളല്ല, മനുഷ്യയാഥാർത്ഥ്യങ്ങളാണ് ശ്രീധരന്റെ കഥയാവുന്നത്. മനസിൽ നിങ്ങൾ ജീവിക്കുന്ന യഥാർത്ഥ ജീവിതത്തിന്റെ കഥ. ഈ കഥകളിൽ ഇന്നും ഇന്നലെയും നാളെയുമില്ല. ഉള്ളത് ഓരോ മനുഷ്യജീവിയും ജീവിച്ചു തീർക്കുന്ന നിത്യവർത്തമാനം മാത്രം.
ഇവിടെ നല്ല മനുഷ്യനും ചീത്ത മനുഷ്യനുമില്ല. ചെറിയ മനുഷ്യനും വലിയ മനുഷ്യനുമില്ല. ഇവിടെയുള്ളത് ഓരോ മനുഷ്യ ജീവിയും സ്വയം നടത്തുന്ന ജീവിതസമരം മാത്രം. എങ്ങനെയെല്ലാം മാറിമറിഞ്ഞാലും ജീവിതം വേവും നോവും അലച്ചിലുമായി അവസാനിക്കുന്നു. കഥയ്ക്കപ്പുറം പത്രപ്രവർത്തകനായും അല്ലാതെയും എഴുത്തിന്റെ വലിയൊരു ഭാഗം ഇ.വി. ശ്രീധരന്റേതായുണ്ട്. എഴുത്താണ് ശ്രീധരന്റെ ജീവിതം എന്നു പറയുന്നതാവും ശരി. എഴുതാതിരിക്കുക ശ്രീധരന് മരണം തന്നെയായിരുന്നു. എവിടെ മനുഷ്യൻ എന്ന ചോദ്യം ആ എഴുത്തിലെങ്ങും മുഴങ്ങുന്നു. പൊതുവായ രാഷ്ട്രീയധാരണകൾക്കുപരി മനുഷ്യനെന്ന സ്വപ്നം മുമ്പോട്ടു കൊണ്ടുപോവുകയായിരുന്നു ശ്രീധരനിലെ എഴുത്തുകാരൻ.
സ്വാതന്ത്ര്യവും വിപ്ലവവും രാഷ്ട്രീയവുമെല്ലാം അന്തിമമായി ഒരു മനുഷ്യനിർമ്മിതിയാണ്. സ്വാതന്ത്ര്യസമരത്തോടൊപ്പം ഉയർന്നുവന്ന ആ മനുഷ്യ വിചാരധാരയ്ക്ക് എവിടെയോ വച്ച് ഭംഗം സംഭവിച്ചു. രാഷ്ട്രീയത്തിൽ മനുഷ്യത്വം ചോർന്നില്ലാതായിക്കൊണ്ടിരിക്കുന്നതാണ് ശ്രീധരൻ ഏറ്റവും വലിയ ഉത്കണ്ഠയും ആധിയുമായി കൊണ്ടുനടന്നത്. ഈ പശ്ചാത്തലത്തിൽ ഒരു സുഹൃത്ത് എന്ന നിലയിൽ ഇ.വി. ശ്രീധരന്റെ നഷ്ടം ഞാൻ ഇങ്ങനെ ഓർമ്മിക്കട്ടെ:
എഴുത്തുകാരനെന്ന നിലയിൽ എഴുത്തിന്റെ അന്തസ്.
പത്രപ്രവർത്തകനെന്ന നിലയിൽ പത്രപ്രവർത്തനത്തിന്റെ അന്തസ്. മനുഷ്യനെന്ന നിലയിൽ മനുഷ്യന്റെ അന്തസ്.
(ലേഖകന്റെ ഫോൺ: 94465 59361)