പ്രണവ് മോഹൻലാൽ ചിത്രത്തിൽ സുഷ്മിത ഭട്ട്
പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ചിത്രത്തൽ സുഷ്മിത ഭട്ട്. മമ്മൂട്ടി നായകനായി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ് എന്ന ചിത്രത്തിലൂടെയാണ് തെന്നിന്ത്യൻ താരം സുഷ്മിത ഭട്ട് മലയാളത്തിലേക്ക് എത്തിയത്. സുഷ്മിത തമിഴ് അരങ്ങേറ്രം നടത്തിയ ലൗ മാര്യേജ് അടുത്ത മാസം റിലീസിന് ഒരുങ്ങുകയാണ്. വിക്രം പ്രഭു ആണ് നായകൻ. അതേസമയം ബ്ലാക്ക് ആൻഡ് വൈറ്റ് ബ്ലോക്ക്ബസ്റ്റർ ചിത്രം ഭ്രമയുഗത്തിനു ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ഭ്രമയുഗത്തിനുശേഷം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ് .ശശികാന്ത് എന്നിവർ ചേർന്നാണ് നിർമ്മാണം.
ഹൊറർ ത്രില്ലർ ചിത്രങ്ങൾ മാത്രം നിർമിക്കുന്നതിന് രൂപം കൊണ്ടതാണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് . ഭ്രമയുഗം ടീമാണ് ക്യാമറയുടെ പിന്നിൽ. ഷെഹനാദ് ജലാൽ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം ക്രിസ്റ്റി സേവ്യർ, പ്രൊജക്ട് ഡിസൈനർ ജ്യോതിഷ് ശങ്കർ, ജൂൺ വരെ ചിത്രീകരണം ഉണ്ടാകും. ഈ വർഷം അവസാനം റിലീസ് ചെയ്യും. ഹൊറർ ത്രില്ലർ എന്ന വിഭാഗത്തിന്റെ സാദ്ധ്യതകൾ കൂടുതൽ ഉപയോഗിക്കുന്നതും പ്രണവ് മോഹൻലാൽ എന്ന നടന്റെ കഴിവിനെ ഇതുവരെ കാണാത്ത രീതിയിൽ അവതരിപ്പിക്കുന്ന ചിത്രമായിരിക്കുമെന്ന് ചക്രവർത്തി രാമചന്ദ്രയും എസ്. ശശികാന്തും അഭിപ്രായപ്പെട്ടു.