സ്റ്റീഫനായി പ്രണവ്, എമ്പുരാൻ പുതിയ ക്യാരക്ടർ പോസ്റ്റർ
Thursday 03 April 2025 4:15 AM IST
എമ്പുരാനിൽ പ്രണവ് മോഹൻലാൽ അവതരിപ്പിച്ച അതിഥി വേഷത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി പൃഥ്വിരാജ് . ഖുറേഷി അബ്രാം എന്ന അന്താരാഷ്ട്ര അധോലോക നേതാവും സ്റ്റീഫൻ നെടുമ്പള്ളി എന്ന കേരളത്തിലെ രാഷ്ട്രീയ നേതാവുമെല്ലാമാകുന്നതിന് മുമ്പുള്ള സ്റ്റീഫനായാണ് പ്രണവ് എമ്പുരാനിൽ എത്തുന്നത്. ആർക്കുമറിയാത്ത സ്റ്റീഫന്റെ ഭൂതകാലത്തിലേക്കുള്ള വാതിൽ തുറന്നിടുന്ന പ്രണവിന്റെ കഥാപാത്രം ലൂസിഫർ ഫ്രാഞ്ചൈസിലെ അടുത്ത ചിത്രത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. നീട്ടി വളർത്തിയ മുടിയും തീക്ഷണമായ കണ്ണുകളും ചോരപുരണ്ട മുഖവുമായി നിൽക്കുന്ന പ്രണവ് മോഹൻലാലാണ് പോസ്റ്ററിൽ. സ്റ്റീഫനായി പ്രണവ് മോഹൻലാൽ എന്ന വാചകവും എൽ 2 ഇ എന്ന ഹാഷ് ടാഗും മാത്രമാണ് ചിത്രത്തിൽ ഉള്ളത്. മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ ആഗോളതലത്തിൽ 200 കോടി കടന്നു.