ബി.എസ്.എൻ.എൽ എൻജിനിയേഴ്സ് സഹകരണസംഘം തട്ടിപ്പ്: ഹിയറിംഗ് ആരംഭിച്ചു
തിരുവനന്തപുരം: 261കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടന്ന സ്റ്റാച്യു ബി.എസ്.എൻ.എൽ എൻജിനിയേഴ്സ് സഹകരണ സംഘത്തിൽ ഹിയറിംഗ് ആരംഭിച്ചു.സഹകരണ നിയമം 68(1) പ്രകാരം ജോയിന്റ് രജിസ്ട്രാർ തട്ടിപ്പുകാർക്ക് നോട്ടീസ് വിതരണം ചെയ്താണ് ഹിയറിംഗ് ആരംഭിച്ചത്.
ഇതുകഴിഞ്ഞാലേ ഉദ്യോഗസ്ഥനെ നിയമിച്ച് പ്രതികൾക്കെതിരെ തുടർനടപടികൾ ആരംഭിക്കാനാകൂ. അതേസമയം ആറ് മാസം മുൻപ് കേസിൽ അന്വേഷണം തുടങ്ങിയ ഇ.ഡിയുടെ മെല്ലെപ്പോക്ക് നിക്ഷേപകരെയും അലട്ടുകയാണ്.
1600ലേറെപ്പേരുടെ 256 കോടിയുടെ നിക്ഷേപമാണ് സംഘത്തിലുള്ളത്.തുകയുടെ ബാദ്ധ്യതയുൾപ്പെടെ 261 കോടിയും 18 ശതമാനം പലിശയുൾപ്പെടെ 371 കോടി രൂപയുമാണ് തട്ടിപ്പുകാർ ഇരകൾക്ക് നൽകേണ്ടതെന്നാണ് രജിസ്ട്രാറുടെ കണ്ടെത്തൽ. 2008 കാലഘട്ടത്തിലെ സംഘത്തിലെ മൂന്ന് ഭരണസമിതികളിലെ ബോർഡ് അംഗങ്ങളും ക്ലർക്കായി സേവനം അനുഷ്ഠിച്ച രാജീവ് ഉൾപ്പെടെയുള്ളവരാണ് പ്രതികൾ.
2007 മുതൽ 2012 വരെ സംഘത്തിന്റെ സെക്രട്ടറിയും 2017 മുതൽ 2022 വരെ പ്രസിഡന്റുമായിരുന്ന ഗോപിനാഥൻ നായരാണ് (76) പ്രധാന തട്ടിപ്പുകാരൻ.
2022ൽ സംഘത്തിലെ തട്ടിപ്പ് പുറത്തായതിനു പിന്നാലെ ഡെപ്പോസിറ്റേഴ്സ് ഫോറം രൂപീകരിച്ച് കൺവീനർ എൻ.എ.എബ്രഹാമാണ് ഇ.ഡി അന്വേഷണവും, റൂൾ 68(1)അന്വേഷണവും ആവശ്യപ്പെട്ട് ആദ്യം ഹൈക്കോടതിയെ സമീപിച്ചത്. ഇ.ഡിയോട് ഒരു വർഷത്തിനകം കേസ് അന്വേഷിച്ച് നിക്ഷേപകർക്ക് പണം തിരികെ നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ ഹൈക്കോടതി വിധിച്ചിരുന്നു. റൂൾ 68(1) അനുസരിച്ചുള്ള ഇപ്പോഴത്തെ രജിസ്ട്രാറുടെ കണ്ടെത്തലും തുകകൾ പിടിച്ചെടുക്കാനുള്ള നീക്കത്തിനുമെതിരെ ചില ബോർഡ് മെമ്പർമാർ സ്റ്റേ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.