ലഹരിക്കെതിരെ കാസർകോട് പൊലീസ്, 304 കേസുകൾ, പൂട്ടിയത് 311 പേരെ
കാസർകോട്: സമൂഹത്തെ കാർന്നു തിന്നുന്ന മയക്കുമരുന്ന് വിപത്തിനെതിരെ കാസർകോട് പൊലീസ് ഊർജ്ജിതമായി രംഗത്ത്. കഴിഞ്ഞ ഒന്നര മാസം കൊണ്ട് ജില്ലയിലെ പൊലീസ് സംവിധാനം ഉണർന്ന് പ്രവർത്തിച്ചതിനാൽ നിരവധി മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്യാനും നൂറുകണക്കിന് പ്രതികളെ ജയിലിൽ അടക്കാനും കഴിഞ്ഞു. ഫെബ്രുവരി 22 മുതൽ മാർച്ച് 31 വരെ നടന്ന പരിശോധനയിൽ 304 കേസുകളിലായി 312 പ്രതികളിൽ 311 പേരെ പിടികൂടി. മയക്കുമരുന്ന് വിൽപ്പന സംഘങ്ങൾ മൊത്തമായി അതിർത്തി കടത്തിക്കൊണ്ടുവന്ന അഞ്ചുകേസുകളും പിടികൂടി.
കഞ്ചാവും എം.ഡി.എം.എയും രാസലഹരിയും അടക്കമുള്ള മയക്കുമരുന്നുകൾ കടത്തുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് ജില്ലാ പൊലീസ് മേധാവി ഡി. ശിൽപയുടെ നിർദ്ദേശം. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് പിടിയിലാകുന്ന പ്രതികളെ ജയിലിൽ നിന്ന് പുറത്തിറങ്ങാനാകാത്ത വിധം സ്ഥിരമായി പൂട്ടുന്നതിന് പൊലീസ് നടപടി സ്വീകരിക്കും. 180 ദിവസത്തിനുള്ളിൽ തന്നെ കുറ്റപത്രം സമർപ്പിച്ച് റിമാൻഡ് കാലാവധി കഴിഞ്ഞാലും പുറത്തിറങ്ങാനാവാത്ത വിധം പ്രതികളെ പൂട്ടിയിടും.
കാസർകോട് ഭാഗത്ത് വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തെ വലയിലാക്കാനും കഴിഞ്ഞിട്ടുണ്ട്. കാസർകോട്ടെ ഒരു സ്കൂളിൽ കഞ്ചാവ് എത്തിച്ച ലോബിയെയും അറസ്റ്റ് ചെയ്തിരുന്നു. കർശന നടപടി ഇനിയും തുടരുമെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
സ്വത്തും വാഹനവും കണ്ടുകെട്ടും,
ബാങ്ക് അക്കൗണ്ട് മരവിപ്പിക്കും
ബേക്കൽ, ആദൂർ, മേല്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും മയക്കുമരുന്ന് കേസിൽ പിടികൂടിയ പ്രതികളുടെയും ബന്ധുക്കളുടെയും സ്വത്തും വാഹനങ്ങളും കണ്ടുകെട്ടാൻ നടപടി സ്വീകരിക്കുമെന്ന് ബേക്കൽ ഡിവൈ.എസ്.പി വി.വി മനോജ് പറഞ്ഞു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. സ്വത്തും വാഹനവും കണ്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ്, രജിസ്ട്രേഷൻ വകുപ്പ് മേലധികാരികൾക്ക് കത്ത് നൽകിയിട്ടുണ്ട്.
എം.ഡി.എം.എ ബംഗളൂരുവിൽ നിന്ന്,
കഞ്ചാവ് ആന്ധ്രയിൽ നിന്ന്
മാരക മയക്കുമരുന്നുകളിൽ എം.ഡി.എം.എ കൊണ്ടുവരുന്നത് കർണാടകയിലെ ബംഗളൂരു കേന്ദ്രമാക്കിയാണെന്ന് കാസർകോട്ട് ഡിവൈ.എസ്.പി സി.കെ സുനിൽകുമാർ പറഞ്ഞു. കഞ്ചാവ് കടത്തുന്നത് ആന്ധ്രയിൽ നിന്നാണ്. മയക്കുമരുന്ന് കടത്തുന്നതിനായി നിരവധി ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. അതിർത്തി കടന്ന് വരുമ്പോൾ തന്നെ മയക്കുമരുന്ന് പിടികൂടുന്നതിന് സംവിധാനം ഏർപ്പെടുത്തും. അത്തരം പരിശോധനയിലാണ് കഴിഞ്ഞവർഷം അവസാനം മൂന്നര കിലോ കഞ്ചാവ് ഒരുമിച്ച് പിടിച്ചത്.