പൂർത്തിയാകാതെ ജൽജീവൻ പദ്ധതികൾ മലയോരം ജലക്ഷാമത്തിലേക്ക്

Thursday 03 April 2025 12:20 AM IST
ജൽജീവൻ മിഷൻ

കണ്ണൂർ: ജില്ലയിലെ മലയോര ഗ്രാമങ്ങളിലെ ജൽജീവൻ പദ്ധതികൾ പൂർത്തിയാകാത്തതിനാൽ മലയോര മേഖലകൾ ജലക്ഷാമത്തിലേക്ക് നീങ്ങുന്നു. ജില്ലയിലെ 71 പഞ്ചായത്തുകളിൽ ശുദ്ധജല കണക്ഷനുകൾക്കായി 3535.52 കോടി ഭരണാനുമതിയിലാണ് പ്രവർത്തനം ആരംഭിച്ചത്. എന്നാൽ ഇതുവരെ 26 പഞ്ചായത്തുകളിൽ മാത്രമാണ് പ്രവർത്തനം പൂർത്തിയായത്.

ജില്ലയിലെ ഉയർന്ന പ്രദേശങ്ങളായ മലയോര പഞ്ചായത്തുകളിൽ വേനൽ കടുക്കുന്ന സാഹചര്യങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകാറുള്ളതാണ്. ഈ വർഷത്തെ വേനലിൽ ഇത് ജനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇടയ്ക്ക് ലഭിച്ച വേനൽ മഴയിൽ മാത്രമാണ് മലയോര ജനതയുടെ ഇപ്പോഴത്തെ ആശ്വാസം.

പേരാവൂർ നിയോജക മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെ 400 കോടിയിലേറെ രൂപയുടെ പ്രവ‌ൃത്തികളാണ് പൂർത്തിയാകാത്തത്. 47,664 കുടുംബങ്ങൾക്കാണ് ഈ പദ്ധതി. കൊട്ടിയൂർ പഞ്ചായത്തിലെ 45.54 കോടിയുടെയും കേളകം പഞ്ചായത്തിലെ 41.53 കോടിയുടെയും കണിച്ചാറിൽ 41.41 കോടിയുടെയും പ്രവൃത്തികൾ അവസാന ഘട്ടത്തിലാണെന്നാണ് അധികൃതർ പറയുന്നത്. ഈ പഞ്ചായത്തുകളിലെ 10,264 കുടുംബങ്ങൾക്ക് ഡിസംബറിൽ വെള്ളം ലഭ്യമാക്കും എന്നായിരുന്നു വാഗ്ദാനം. പായം പഞ്ചായത്ത് 92.51 കോടി, മുഴക്കുന്ന് 63.45 കോടി, പേരാവൂർ 67.21 കോടി, ആറളം 55.80 കോടി, അയ്യൻകുന്ന് 58.65 കോടി എന്നിങ്ങനെയാണ് മറ്റു പഞ്ചായത്തുകളിലെ പദ്ധതി തുക. തുകയുടെ 45 ശതമാനം കേന്ദ്ര വിഹിതവും 15 ശതമാനം തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതവും 10 ശതമാനം ഉപഭോക്തൃ വിഹിതവുമാണ്. ബാക്കി തുക ചെലവഴിക്കുന്നത് സംസ്ഥാന സർക്കാരുമാണ്. എന്നാൽ നിലവിൽ കേന്ദ്ര വിഹിതം ഒഴികെയുള്ള ബാക്കി തുക ചെലവഴിക്കുന്നത് സംസ്ഥാനമാണെന്നാണ് കണക്കുകൾ പറയുന്നത്.

പൂർത്തിയായത് 45.6%

ഇന്ത്യയിലെ മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും ശുദ്ധജലം ഉറപ്പാക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ജൽജീവൻ. ജില്ലയിലെ 4,33,842 വീടുകളിൽ 80,423 വീടുകളിൽ മാത്രമാണ് ശുദ്ധജല കണക്ഷനുകൾ ഉണ്ടായിരുന്നത്. 3,76,986 വീടുകളാണ് ജില്ലയിൽ പദ്ധതിയുടെ ഭാഗമായുള്ളത്. ഇതിൽ പൂർത്തിയായിരിക്കുന്നത് 1,72,005 വീടുകൾക്കുള്ള പ്രവൃത്തികൾ മാത്രമാണ്.

കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകളിലെ പ്രവർത്തികൾ 90 ശതമാനം പൂർത്തിയായി. ഉടനെ ജലവിതരണം സാധ്യമാകും. പായം പഞ്ചായത്തിലെ പ്രവർത്തനങ്ങളും 85 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. ഈ വർഷം ‌ഡിസംബറാകുമ്പോഴേക്കും ജില്ലയിലെ മുഴുവൻ പ്രവർത്തികളും പൂർത്തിയാകുമെന്ന് കരുതുന്നു. കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കാത്തതും പൈപ്പ് ഇടുന്നതിനായി റോഡുൾപ്പെടെ കുഴിക്കേണ്ടതുമാണ് വേഗം കുറയാനുള്ള കാരണം

-ജൽജീവൻ മിഷൻ അധികൃതർ.