കളക്ഷൻ ഏജന്റിൽ നിന്നും പണം തട്ടി: ട്രാഫിക്ക് എസ്.ഐക്ക് സസ്പെൻഷൻ
വിഴിഞ്ഞം: സന്നദ്ധ സംഘടനയുടെ കളക്ഷൻ ഏജന്റിൽ നിന്നും പണം തട്ടിയ എസ്.ഐക്ക് സസ്പെൻഷൻ. പട്ടം ട്രാഫിക് (സൗത്ത്)സ്റ്റേഷനിലെ എസ്.ഐ പ്രദീപിനെയാണ് സസ്പെൻഡ് ചെയ്തത്.കർണാടക സ്വദേശിയായ വിജയ് വിഴിഞ്ഞം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മിഷണർ സസ്പെൻഡ് ചെയ്തത്.വെങ്ങാനൂർ കേന്ദ്രീകരിച്ച് നടക്കുന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ കളക്ഷൻ ഏജന്റാണ് വിജയ്. രണ്ട് ദിവസം മുൻപ് കളക്ഷൻ കഴിഞ്ഞ് മുക്കോല ജംഗ്ഷന് സമീപമെത്തിയപ്പോൾ ബൈക്കിലെത്തിയ എസ്.ഐയും സുഹൃത്തായ ഷൈജുവും ചേർന്ന് തടഞ്ഞുനിറുത്തി കൈയിലുണ്ടായിരുന്ന ബാഗും 3150 രൂപയും തിരിച്ചറിയൽ കാർഡും പിടിച്ചു വാങ്ങിയതായാണ് വിഴിഞ്ഞം പൊലീസിൽ നൽകിയ പരാതിയിലുള്ളത്. വിഴിഞ്ഞം സ്റ്റേഷനിലെ എസ്.ഐ ആണെന്നും സ്റ്റേഷനിലെത്തിയാൽ പണം തിരികെ നൽകാമെന്നും പറഞ്ഞതായി പരാതിയിലുണ്ട്. ഇതനുസരിച്ച് സ്റ്റേഷനിലെത്തിയപ്പോൾ എസ്.ഐക്ക് വിഴിഞ്ഞം സ്റ്റേഷനുമായി ബന്ധമില്ലെന്ന് മനസിലായതോടെ പരാതി നൽകി. പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പട്ടം ട്രാഫിക്ക് സ്റ്റേഷനിലെ എസ്.ഐ ആണെന്ന് മനസിലായത്. എസ്.ഐയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.