പാളയം ഗവ. ഹോസ്റ്റലിലെ കഞ്ചാവ്; അന്വേഷണം ഊർജിതമാക്കി
തിരുവനന്തപുരം: പാളയം ഗവ. മെൻസ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി എക്സൈസ്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മുറിയിലെ താമസക്കാരുടെ വിവരങ്ങൾ തേടി ഹോസ്റ്റൽ വാർഡന് കത്തയച്ചു. യൂണിവേഴ്സിറ്റി കോളേജിൽ ബിരുദ പഠനം പൂർത്തിയാക്കിയ തമിഴ്നാട് സ്വദേശി ഉപയോഗിച്ചിരുന്ന 455-ാം നമ്പർ മുറിയിൽ നിന്നാണ് റെയ്ഡിൽ 20 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. റെയ്ഡിന് മുമ്പ് ഹോസ്റ്റൽ പരിസരത്തുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടുപേരെ മ്യൂസിയം പൊലീസ് പിടികൂടിയിരുന്നു. ഇതിൽ കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തിയ മൂന്നാർ ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പാണ്ഡ്യരാജനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.ഇയാളുടെ മുറിയിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയതെന്നാണ് സൂചന.എന്നാൽ,ഇക്കാര്യത്തിൽ അധികൃതർ വ്യക്തത വരുത്തിയിട്ടില്ല.അന്വേഷണം തുടരുകയാണെന്നും ഹോസ്റ്റൽ രേഖകൾ പരിശോധിച്ചശേഷം വൈകാതെ പ്രതികളെ പിടികൂടുമെന്നും എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്.ഹരികൃഷ്ണൻ പറഞ്ഞു. ഹോസ്റ്റൽ മുറിയിൽ കഞ്ചാവുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.11 മുറികളിൽ പരിശോധന നടത്തി. അതേസമയം,രാവിലെ അപ്രതീക്ഷിതമായി നടത്തിയ റെയ്ഡ് പെട്ടെന്നുതന്നെ അവസാനിപ്പിച്ചെന്നും അതിൽ ചില രാഷ്ട്രീയ ഇടപെടലുണ്ടായെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.