വേട്ട ഇന്ത്യൻ മഹാസമുദ്രത്തിൽ, 2500 കിലോ മയക്കുമരുന്ന് പിടിച്ച് നാവികസേന
ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിന്റെ പടിഞ്ഞാറൻ തീരത്ത് കപ്പലിൽ നിന്ന് 2500 കിലോ മയക്കുമരുന്ന് നാവികസേന പിടികൂടി. 2,386 കിലോ ഹാഷിഷും 121 കിലോ ഹെറോയിനും ഉൾപ്പെടെയാണിത്. അന്താരാഷ്ട്ര ലഹരിക്കടത്ത് ശൃംഖലയിൽപ്പെട്ടവരാണ് ഇവരെന്നാണ് റിപ്പോർട്ട്. കസ്റ്റഡിയിലെടുത്തവരെ മുംബയിലെത്തിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച നാവികസേനയുടെ പി 8ഐ വിമാനം സംശയാസ്‌പദമായ കപ്പലുകളുടെ നീക്കത്തെക്കുറിച്ച് സൂചന നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ. പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രമേഖലയിലെ സുരക്ഷാ പ്രവർത്തനങ്ങൾക്കായി ജനുവരിയിൽ വിന്യസിച്ച യുദ്ധക്കപ്പലായ ഐ.എൻ.എസ് തർക്കാഷ് കപ്പലിനെ തടഞ്ഞു. മറൈൻ കമാൻഡോകളടങ്ങുന്ന സ്‌പെഷ്യലിസ്റ്റ് ബോർഡിംഗ് സംഘം വളഞ്ഞു. ഇവരുടെ പരിശോധനയിൽ സീൽ ചെയ്ത വിവിധ പായ്ക്കറ്റുകൾ കണ്ടെത്തി. കൂടുതൽ പരിശോധനയിലും ചോദ്യം ചെയ്യലിലും കപ്പലിലെ കാർഗോ ഹോൾഡുകളിലും കമ്പാർട്ടുമെന്റുകളിലുമായി സൂക്ഷിച്ചിരുന്ന കൂടുതൽ ലഹരി വസ്തുക്കൾ കണ്ടെത്തുകയായിരുന്നു. പ്രദേശത്തുള്ള മറ്റ് കപ്പലുകളെ നിരീക്ഷിക്കാൻ നാവികസേനയുടെ ഹെലികോപ്റ്ററുകളും ഇറങ്ങി. പിടിച്ചെടുത്ത കപ്പൽ ഐ.എൻ.എസ് തർക്കാഷിന്റെ നിയന്ത്രണത്തിലാണ്. എന്നാൽ കപ്പലിനെക്കുറിച്ചും ജീവനക്കാരെക്കുറിച്ചുമുള്ള കൂടുതൽ വിശദാംശങ്ങൾ നാവികസേന പുറത്തുവിട്ടിട്ടില്ല.