വൈകല്യങ്ങളോടെ കുഞ്ഞിന്റെ ജനനം: രണ്ട് ഡോക്ടർമാർക്കെതിരെ നടപടിശുപാർശ
ആലപ്പുഴ : ആലപ്പുഴയിൽ അസാധാരണ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് വരുത്തിയ കടപ്പുറം വനിതാ -ശിശു ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ രണ്ട് ഡോക്ടർമാർക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്ത് ആരോഗ്യവകുപ്പ് ഡയറക്ടർ നൽകിയ കത്ത് സർക്കാരിന്റെ പരിഗണനയിൽ. കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റുകളായ ഡോ.സി.വി.പുഷ്പകുമാരി, ഡോ.കെ.ഐ.ഷേർളി എന്നിവർക്കെതിരെയാണ് നടപടിശുപാർശ.
ഗർഭസ്ഥ ശിശുവിന്റെ വൈകല്യങ്ങൾ തിരിച്ചറിയാതിരുന്ന ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആലപ്പുഴ ലജ്നത്ത് വാർഡ് നവറോജി പുരയിടത്തിൽ സുറുമിയും ഭർത്താവ് അനീഷും സമർപ്പിച്ച പരാതി പ്രകാരം ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘം വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു. ഗർഭാവസ്ഥയിൽ അപകടസാദ്ധ്യത സംബന്ധിച്ച ആശയവിനിമയം രണ്ട് ഡോക്ടർമാരും നടത്തിയില്ലെന്ന് വിദഗ്ദ്ധ കമ്മിറ്റി വിലയിരുത്തി.
യുവതിയുടെ പ്രസവം നടന്ന ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി, യുവതി ചികിത്സ തേടിയിരുന്ന കടപ്പുറം വനിതാ ശിശു ആശുപത്രി, ആരോപണ വിധേയമായ രണ്ട് സ്വകാര്യ സ്കാനിംഗ് സെന്ററുകൾ എന്നീ കേന്ദ്രങ്ങളിലെത്തി വിദഗ്ദ്ധ സംഘം മൊഴിയെടുക്കുകയും രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. മുപ്പത് മിനിട്ടെടുത്ത് ചെയ്യേണ്ട അനോമലി സ്കാൻ പത്ത് മിനിട്ട് കൊണ്ടാണ് താൻ പൂർത്തിയാക്കിയതെന്ന് സ്കാനിംഗ് സെന്ററിലെ ഡോക്ടർ അന്വേഷണസംഘത്തിന് മുന്നിൽ കുറ്റസമ്മതം നടത്തി. ഇരു സ്കാനിംഗ് സെന്ററുകളുടെയും രജിസ്ട്രേഷൻ റദ്ദാക്കാനും, മെഷീനുകൾ പിടിച്ചെടുക്കാനും അന്വേഷണ കമ്മീഷൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകിയിരുന്നു.
ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ.വി.മീനാക്ഷിയുടെ നേതൃത്വത്തിൽ എസ്.എ.ടി ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗം പ്രൊഫസർ ഡോ.വി.എച്ച്.ശങ്കർ, ഗൈനക്കോളജി വിഭാഗം പ്രൊഫസർ ഡോ.ജയശ്രീ വാമൻ, തിരുവനന്തപുരം മെഡിക്കൽ കോളേജ് റേഡിയോഡയഗ്നോസിസ് വിഭാഗം അസി പ്രൊഫസർ ഡോ.പി.പ്രഭാഷ്, അസിസ്റ്റന്റ് ഡയറക്ടർ ഡോ.ബിനോയ് എസ്.ബാബു എന്നിവരടങ്ങിയ സംഘമാണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്.