സി.പി.എം സംഘടനാറിപ്പോർട്ട് ; പ്രവർത്തനം ചടങ്ങായി, തൊഴിലാളികൾ അകന്നു

Thursday 03 April 2025 4:11 AM IST

മധുര: തിരഞ്ഞെടുപ്പ്,​ പ്രക്ഷോഭ രംഗങ്ങളിൽ പരാജയം. കേരളമൊഴികെ സംസ്ഥാനങ്ങളിൽ വളർച്ചാമുരടിപ്പ്. അടിസ്ഥാന തൊഴിലാളിവർഗ്ഗം അകലുന്നു. മധുരിൽ ഇന്നലെ ആരംഭിച്ച സി.പി.എം 24-ാം പാർട്ടി കോൺഗ്രസ് സംഘടനാ റിപ്പോർട്ടിലാണ് കടുത്ത ഭാഷയിലുള്ള സ്വയം വിമർശനം.

പാർട്ടിയുടെ ശക്തി തൊഴിലാളികളാണ്. പക്ഷേ,​ അവരെ സംഘടിപ്പിക്കുന്നതിൽ വലിയ വീഴ്ചയാണ് സംഭവിച്ചത്. ജനകീയ വിഷയങ്ങളിൽ പ്രക്ഷോഭം ഏറ്റെടുത്തിരുന്ന തീരി മാറി. പ്രചാരണ പ്രവർത്തനങ്ങൾ വെറും ചടങ്ങായി. കഴിഞ്ഞ പാർട്ടി കോൺഗ്രസ് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൽ പി.ബിക്കും വീഴ്ച പറ്റി.

പാർലമെന്ററി വ്യാമോഹം കൂടിവരുന്നതാണ് മറ്റൊരു വീഴ്ച. സ്വാധീനമില്ലാത്ത മേഖലകളിൽ പോലും തിരഞ്ഞെടുപ്പ് മത്സരത്തിനിറങ്ങാൻ പാർട്ടി അംഗങ്ങൾ ഉത്സാഹം കാട്ടുന്നു. സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടാൽ തിരഞ്ഞെടുപ്പിനോട് സഹകരിക്കില്ല. തെലങ്കാനയിൽ അഴിമതിയാണ് വലിയ പ്രശ്നം. തമിഴ്നാട്ടിൽ 14 ജില്ലകളിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടത്തേണ്ട സ്ഥിതിവന്നു.

കഴിഞ്ഞ പാർട്ടി കോൺഗ്രസിനെ അപേക്ഷിച്ച് അംഗസംഖ്യ കൂടി. 9,85,757 അംഗങ്ങളുണ്ടായിരുന്നത് 10,19,009 ആയി ഉയർന്നു. എന്നാൽ നിശ്ചിത ഇടവേളകളിൽ കമ്മിറ്റികൾ ചേരണമെന്ന നിബന്ധന പാലിക്കപ്പെടുന്നില്ല. തെറ്റുതിരുത്തൽ തുടർച്ചയായി നടത്തണമെന്ന നിർദ്ദേശം നടപ്പാവുന്നില്ല. കേന്ദ്ര കമ്മിറ്റിയുടെ പ്രവർത്തനരീതി മാറണമെന്നും നിർദ്ദേശമുണ്ട്.

മുസ്ലിം വിഭാഗത്തെ

കൂടുതൽ എത്തിക്കണം

പാർട്ടിയിലെ ദളിത് പ്രാതിനിദ്ധ്യം 19.3 ശതമാനമാണ്. മഹാരാഷ്ട്ര ഒഴികെ സംസ്ഥാനങ്ങളിൽ സംസ്ഥാന ശരാശരിക്ക് മുകളിലാണ്. ആദിവാസി വിഭാഗത്തിന് കൂടുതൽ പ്രാതിനിദ്ധ്യം നൽകണം. മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളും പാർട്ടിയിൽ തീരെ കുറവാണ്. ഡൽഹി ഒഴികെ സംസ്ഥാനങ്ങളിൽ ഈ പ്രാതിനിദ്ധ്യം കൂട്ടാൻ വലിയ ശ്രമം നടത്തണം. സാമൂഹികമായി അടിച്ചമർത്തപ്പെട്ട വിഭാഗത്തെ പാർട്ടിയിലേക്ക് കൂടുതലായി കൊണ്ടുവരാനുള്ള ശ്രമം നടത്തണമെന്നും റിപ്പോർട്ട് പറയുന്നു.

വനിത പ്രാതിനിദ്ധ്യം

കേരളം കുറയ്ക്കുന്നു

വനിതപ്രാതിനിദ്ധ്യം കൂട്ടണമെന്ന നിർദ്ദേശം നടപ്പാക്കുന്നതിൽ കേരള ഘടകത്തിന് വീഴ്ച പറ്റി. ലോക്കൽ കമ്മിറ്റികളിൽ വനിത പ്രാതിനിദ്ധ്യം 17ൽ നിന്ന് 15 ശതമാനമായി കുറഞ്ഞു. സംസ്ഥാന കമ്മിറ്റിയിലെ വനിതകളുടെ എണ്ണം13 ൽ നിന്ന് 12 ആയി. ഹിന്ദി സംസ്ഥാനങ്ങളാണ് മെച്ചപ്പെട്ടു നിൽക്കുന്നത്. ഡൽഹിയിൽ 27.5 ശതമാനവും മദ്ധ്യപ്രദേശിൽ 20 ശതമാനവുമുണ്ട്. സ്കീം പദ്ധതികളിൽ നിന്ന് സ്ത്രീകളെ പാർട്ടിയിലേക്ക് ആകർഷിക്കാനാവണം.