ജെ.ഇ.ഇ മെയിൻ; നന്നായി തയ്യാറെടുത്തവരെ വലച്ചില്ല
കൊച്ചി: ഇന്നലെ ആരംഭിച്ച ജെ.ഇ.ഇ മെയിൻ 2025 സെഷൻ 2 ബി.ഇ/ബി.ടെക് പരീക്ഷ സംബന്ധിച്ച് വിദ്യാർത്ഥികൾക്കിടയിൽ സമ്മിശ്ര പ്രതികരണം. കണക്ക്,ഫിസിക്സ്,കെമിസ്ട്രി വിഷയങ്ങളിൽ നിന്നായി 300 മാർക്കിന്റെ ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. സി.ബി.എസ്.ഇ 11,12 ക്ലാസുകളിലെ മിക്ക അദ്ധ്യായങ്ങളിലെയും ചോദ്യങ്ങൾ ഉണ്ടായിരുന്നതിനാൽ നന്നായി തയ്യാറെടുത്തവർക്ക് ഉത്തരങ്ങൾ എളുപ്പമായി. അതേസമയം,തിരഞ്ഞെടുത്ത അദ്ധ്യായങ്ങൾ മാത്രം പഠിച്ചവർക്ക് ശരാശരി നിലവാരത്തിലേ ഉത്തരങ്ങൾ എഴുതാനായുള്ളൂ.
അധികം കുഴപ്പിക്കുന്നതല്ലെങ്കിലും ഏറെ സമയം എടുത്ത് ചെയ്യേണ്ട രീതിയിലുള്ള ചോദ്യങ്ങളാണ് കണക്കിൽനിന്നുണ്ടായത്. കാൽക്കുലസ്,കോ-ഓർഡിനേറ്റിംഗ് ജ്യോമട്രി,ആൾജീബ്ര എന്നീ വിഷയങ്ങളിൽ ഊന്നിയുള്ള ചോദ്യങ്ങളാണ് കണക്കിൽനിന്നുണ്ടായത്.
ആലോചിച്ച് ഉത്തരം കണ്ടെത്തേണ്ട രീതിയിലുള്ള ചോദ്യങ്ങളാണ് ഫിസിക്സിലുണ്ടായിരുന്നത്. മെക്കാനിക്സ്,ഇലക്ട്രോസ്റ്റാറ്റിക്സ്,ഇലക്ട്രിസിറ്റി എന്നിവയ്ക്കാണ് ഫിസിക്സിൽ കൂടുതൽ പ്രാധാന്യം ലഭിച്ചത്.
കെമിസ്ട്രി താരതമ്യേനെ എളുപ്പമായിരുന്നു. ഇൻഓർഗാനിക് കെമിസ്ട്രിയെ അപേക്ഷിച്ച് ഓർഗാനിക് കെമിസ്ട്രിയിൽനിന്ന് കൂടുതൽ ചോദ്യങ്ങളുണ്ടായി. 9 വരെയാണ് പരീക്ഷ.