ശ്രീനാരായണ ദർശനത്തിൽ വെബിനാറുകളുമായി ഇഗ്നോ
തിരുവനന്തപുരം: ശ്രീനാരായണ ദർശനത്തിൽ അന്താരാഷ്ട്ര വെബിനാറുകളുമായി ഇന്ദിരാഗാന്ധി ഓപ്പൺ സർവകലാശാല. തിരുവനന്തപുരം,ഐസ്വാൾ കേന്ദ്രങ്ങൾ സംയുക്തമായാണ് വെബിനാർ സംഘടിപ്പിക്കുന്നത്. 'ശ്രീനാരായണ ഗുരുവിന്റെ സനാതനധർമ്മ ദർശനം ഐക്യത്തിന്റെയും സമത്വത്തിന്റെയും ആത്മീയ ഉണർവിന്റെയും സന്ദേശം' എന്ന വിഷയത്തിലാണ് വെബിനാർ. ഇന്ന് ആരംഭിക്കുന്ന വെബിനാർ പരമ്പരയിലും ചർച്ചകളിലും ഇന്ത്യയിലെയും വിദേശത്തെയും ദാർശനികരും തത്വചിന്തകരും ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദഗ്ദ്ധരും സാമൂഹ്യ- സാംസ്‌കാരിക പ്രവർത്തകരും ഗവേഷണവിദ്യാർത്ഥികളും പങ്കെടുക്കും. സനാതന ധർമ്മം ഭാരതീയ ജ്ഞാന വ്യവസ്ഥയിൽ,സനാതന ധർമ്മവും ആഗോള സമാധാനവും,വിവര സാങ്കേതികവിദ്യാ വികസനവും മൂല്യവ്യവസ്ഥയും എന്നീ വിഷയങ്ങളിലാണ് ചർച്ചകൾ. ഇന്ന് ക്യാബിനറ്റ് സെക്രട്ടേറിയറ്റിലെ ഡയറക്ടർ ജനറൽ ഒഫ് സെക്യൂരിറ്റിയിലെ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ഡോ.ടി.പി ശശികുമാർ,8ന് തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിലെ ജിയോളജി അസോ. പ്രൊഫസറായിരുന്ന ഡോ.പി.കെ. സാബു,16ന് എസ്.എൻ ഓപ്പൺ സർവകലാശാലയിലെ സിൻഡിക്കേറ്റംഗവും ഇന്റർനാഷണൽ സെന്റർ ഫോർ ശ്രീനാരായണ ഗുരു സ്റ്റഡീസ് ഡയറക്ടറുമായിരുന്ന ഡോ.ബി.സുഗീത എന്നിവർ വെബിനാർ നയിക്കും. വിവരങ്ങൾക്ക് ഫോൺ: 04712344113/9447044132. ഇ-മെയിൽ: rctrivandrum@ignou.ac.in