നാവികസേനയുടെ മികവ്, അഞ്ച് വർഷത്തിനിടെ പിടിച്ചത് 11,000 കോടിയുടെ ലഹരി

Thursday 03 April 2025 12:20 AM IST

ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് 2500 കിലോയിലധികം ലഹരി പിടിച്ചെടുത്തത് നാവികസേനയുടെ പ്രാഗത്ഭ്യം വീണ്ടും തെളിയിക്കുന്നതാണ്. പി 8 ഐ വിമാനം സംശയാസ്‌പദമായ കപ്പലുകളുടെ വിവരം കൈമാറിയതോടെയാണ് നാവികസേന നിർണായക ഓപ്പറേഷൻ നടത്തിയത്. കടൽ മാർഗമുള്ള ലഹരിക്കടത്ത് ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിലുള്ള നമ്മുടെ പ്രാഗത്ഭ്യവും പ്രൊഫഷണലിസവും അടിവരയിടുന്ന സംഭവമാണിതെന്ന് നാവികസേന പ്രതികരിച്ചു. ചോദ്യം ചെയ്യുന്നതിനായി കപ്പലിലെ ജീവനക്കാരെ മുംബയിലെത്തിച്ചു.

പിടിച്ചത് 11,311 കോടിയുടെ ലഹരി

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തുടനീളമുള്ള തുറമുഖങ്ങളിൽ നിന്ന് 19 വ്യത്യസ്ത ലഹരി വേട്ടകളിലായി 11,311 കോടിയിലധികം രൂപ വിലമതിക്കുന്ന ലഹരി പിടിച്ചെടുത്തതായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് മാർച്ച് 19 ന് ലോക്സഭയിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. 2021 സെപ്തംബർ 19 ന് ഗുജറാത്തിലെ അദാനി തുറമുഖമായ മുന്ദ്രയിൽ നിന്നാണ് ഏറ്റവും കൂടുതൽ ലഹരി പിടികൂടിയത്, അന്ന് കേന്ദ്ര ഏജൻസികൾ 5,976 കോടി രൂപ വിലമതിക്കുന്ന 2,988 കിലോഗ്രാം ഹെറോയിൻ കണ്ടെടുത്തു. മന്ത്രിയുടെ റിപ്പോർട്ട് പ്രകാരം, 2021 ഏപ്രിൽ 20 ന് തമിഴ്നാട്ടിലെ തൂത്തുക്കുടിയിലുള്ള വി.ഒ.സി തുറമുഖത്ത് നിന്ന് 1,515 കോടി രൂപ വിലമതിക്കുന്ന 303 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു.