വിഭജന തന്ത്രമെന്ന് രാധാകൃഷ്ണൻ; എതിരിട്ട് സുരേഷ് ഗോപി
ന്യൂഡൽഹി : വഖഫ് ഭേദഗതി ബില്ലിന്റെ ലോക്‌സഭയിലെ ചർച്ചയ്‌ക്കിടെ സി.പി.എം അംഗമായ കെ. രാധാകൃഷ്‌ണൻ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ പേര് പരാമർശിച്ചു. മറുപടിയുമായി സുരേഷ് ഗോപിയും കളത്തിലിറങ്ങി. പാവപ്പെട്ടവർക്കോ, കുട്ടികൾക്കോ, വനിതകൾക്കോ വേണ്ടിയല്ല ബിൽ കൊണ്ടുവന്നതെന്നും അതു കേന്ദ്രത്തിന് ബോധ്യമുണ്ടെന്നും കെ. രാധാകൃഷ്‌ണൻ പറഞ്ഞു. സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ശ്രമം. മുസ്ലീം സമുദായം ശത്രുക്കളാണെന്ന് മഹാഭൂരിപക്ഷത്തെ കൊണ്ട് ചിന്തിപ്പിക്കാനാണ് നീക്കം. 1987ൽ ക്രിസ്ത്യനാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ പേരുള്ള വ്യക്തി ദേവസ്വം ബോർഡ് മെമ്പറായപ്പോൾ വലിയ വിവാദമായിരുന്നു. ഇക്കാര്യം പറയുന്നതിനിടെയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേര് കെ. രാധാകൃഷ്‌ണൻ പരാമർശിച്ചത്.
തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. രാജ്യസഭയിലും ബിൽ പാസാകുന്നതോടെ കേരള നിയമസഭയിൽ ഇതിനെതിരെ പാസാക്കിയ പ്രമേയം അറബിക്കടലിൽ മുങ്ങിത്താഴും. അതിനായി കാത്തിരിക്കൂയെന്നും കൂട്ടിച്ചേർത്തു.