മഞ്ഞ, ഓറഞ്ച് തണ്ണിമത്തൻ വേരുപിടിച്ചാൽ ലാഭം, മധുരം...

Thursday 03 April 2025 12:30 AM IST

തൃശൂർ: കൊടുംവെയിലിൽ കേരളം ഉരുകുമ്പോൾ മനസും ശരീരവും കുളിർപ്പിച്ച് ഓറഞ്ച്, മഞ്ഞ തണ്ണിമത്തനുകൾ. മധുരവും കാമ്പും കൂടുതലായതിനാൽ ചുവപ്പിനേക്കാൾ വിലകൂടുതലാണ്. അതുകൊണ്ടു തന്നെ അടുത്ത സീസണിൽ വ്യാപകമായ ചുവപ്പും മഞ്ഞയും നട്ടുപിടിപ്പിക്കാനുളള ഒരുക്കത്തിലാണ് കർഷകർ. സ്വകാര്യ ഫാമുകളിലും കർഷകരിലുമാണ് ഈ വിത്തുകളുള്ളത്. മഞ്ഞ തണ്ണിമത്തനും കുരുവില്ലാത്തതും മധുരത്തിലും ഗുണമേന്മയിലും മുന്നിലുള്ളതുമായ ഓറഞ്ച് തണ്ണിമത്തനും കാർഷിക സർവകലാശാല കാർഷിക സർവകലാശാല പച്ചക്കറി ശാസ്ത്രവിഭാഗത്തിലെ ഡോ. ടി.പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് രണ്ട് വർഷത്തിനകം പുറത്തിറക്കും. മഞ്ഞയുടെ തൊലിക്ക് കട്ടി കുറവാണ്.

കൃത്യസമയത്ത് സൂക്ഷ്മമൂലകങ്ങളും അടിവളമായി കോഴിക്കാഷ്ഠവും ചേർന്നപ്പോൾ അന്തിക്കാട് കോളിലെ 14 ഏക്കറിലെ ശ്രീരാമൻചിറ പാടത്ത് ഏതാണ്ട് നൂറ് ടൺ തണ്ണിമത്തനാണ് വിളഞ്ഞത്. അതിൽ ഒരു ടണ്ണോളം മധുരമുള്ള, വിലയേറിയ മഞ്ഞ തണ്ണിമത്തനായിരുന്നു. അടുത്ത സീസണിൽ ചുവപ്പിനൊപ്പം ഓറഞ്ചും മഞ്ഞയും ഈ പാടത്ത് നിറയും. 2015ൽ തുടങ്ങിയ കാർഷികസംഘമായ വി.കെ.മോഹനൻ കാർഷിക സംസ്‌കൃതിയാണ് നേതൃത്വം നൽകുന്നത്. മൂന്ന് വർഷം മുൻപാണ് മുൻ കൃഷിമന്ത്രിയും നാട്ടുകാരനുമായ വി.എസ്.സുനിൽകുമാറിന്റെ നേതൃത്വത്തിൽ കർഷകർ രംഗത്തിറങ്ങിയത്. കൊയ്ത്തിന് ശേഷം നാലു മാസം തരിശാകുന്ന നെൽപ്പാടം അങ്ങനെ തണ്ണിമത്തൻപാടമായി. അമ്പത് സെന്റ് സ്ഥലത്ത് വലിപ്പമേറിയ സൂര്യകാന്തിയുമുണ്ട്. ഷമാമും എള്ളും സീസണലായി കൃഷി ചെയ്ത് മികച്ച വിളവ് നേടിയിരുന്നു.

പരിപാലനം കൃത്യം, സൂക്ഷ്മം...

സ്വകാര്യ ഹൈബ്രിഡ് വിത്തുകളാണ് നട്ടത്. പാടം ഉഴുത് ജനുവരിയിൽ വിത്തിടും. പൈപ്പ് വഴിയും ഡ്രോണിലൂടെയും കാർഷിക സർവകലാശാലയുടെ 'സമ്പൂർണ്ണ' സൂക്ഷ്മമൂലകം നൽകും. കൃത്യമായി നനയ്ക്കും. സംയോജിത കൃഷിരീതി അങ്ങനെ വിജയിച്ചു.

സ്റ്റിക്കർ പതിപ്പിച്ച് വിപണിയിലേക്ക്

ലുലു, കല്യാൺ, എലൈറ്റ് അടക്കമുള്ള ഹൈപ്പർ സൂപ്പർമാർക്കറ്റുകളിൽ തണ്ണിമത്തൻ ലഭ്യമാകും. ഗുണമേന്മ ഉറപ്പാക്കി പ്രത്യേക സ്റ്റിക്കർ പതിച്ചാണ് വിപണിയിലെത്തുന്നത്. വൻകിട കച്ചവടക്കാർ കർഷകരെ സമീപിച്ചതോടെ കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുകയായിരുന്നു. കൃഷിച്ചെലവും ലാഭവുമെല്ലാം കണക്കാക്കാൻ കാർഷിക സർവകലാശാലയുടെ സഹായവും തേടുന്നുണ്ട്. ലാഭം ഉറപ്പാക്കി കൂടുതൽ കർഷകരിലേക്ക് വ്യാപിപ്പിക്കും.

വില കി.ഗ്രാമിൽ

ചുവപ്പ് : 20 - 22 മഞ്ഞ: 32 - 35

ഓറഞ്ച്:35 - 38

ശരാശരി തൂക്കം: നാല് കിലോഗ്രാം ഇതുവരെ വിളവെടുത്തത്: 20 ടൺ

വിദേശത്തേയ്ക്ക് കയറ്റി അയയ്ക്കാനും അന്വേഷണമുണ്ടായി. മഞ്ഞയും ഓറഞ്ചും അടക്കമുളളവ കൂടുതൽ കർഷകർ കൃഷി ചെയ്ത് തുടങ്ങിയാൽ ഇടനിലക്കാരില്ലാതെ വിറ്റഴിച്ച് വലിയ ലാഭമുണ്ടാക്കാനാവും.

-വി.എസ്.സുനിൽകുമാർ, മുൻ കൃഷിമന്ത്രി