ചിറകടിച്ചുയർന്ന് കേരളാ ചിക്കൻ
നാലു വർഷം കൊണ്ട് വിറ്റത് 5259.565 ടൺ ചിക്കൻ
കോട്ടയം: ജില്ലയിൽ കുടുംബശ്രീയുടെ കേരളാ ചിക്കൻ ആരംഭിച്ച് നാലു വർഷം തികയുമ്പോൾ ഇതുവരെ വിറ്റത് 5259.565 ടൺ. കഴിഞ്ഞ സാമ്പത്തികവർഷം 14 കോടിയിലേറെ രൂപയുടെ ചിക്കൻ വിറ്റു. വിൽപ്പനയിൽ സംസ്ഥാനത്ത് രണ്ടാംസ്ഥാനത്താണ് ജില്ല.
2021ലാണ് ജില്ലയിൽ പദ്ധതി തുടങ്ങിയത്. ഗുണമേന്മയുള്ള ബ്രോയിലർ കോഴിയിറച്ചി വിപണിവിലയേക്കാൾ കുറവിൽ ലഭ്യമാക്കുന്നത് ഗുണകരമായി. ഇപ്പോൾ 45 ഫാമുകളിലായി 1,50,000 കോഴികളെ വളർത്തുന്നുണ്ട്. 15 കേരള ചിക്കൻ ഔട്ട്‌ലെറ്റുകൾ വഴിയാണ് വിൽപ്പന. കുടുംബശ്രീ അംഗങ്ങളുടെ ഫാമുകൾക്ക് കമ്പനി ഒരുദിവസം പ്രായമായ കോഴിക്കുഞ്ഞും തീറ്റയും മരുന്നും നൽകും. 35 ദിവസത്തിനുശേഷം കർഷകരിൽനിന്ന് കോഴിക്കുഞ്ഞുങ്ങളെ ശേഖരിച്ച് ഔട്ട്‌ലെറ്റുകൾവഴി വിൽക്കും. ഫാമുകളും ഔട്ട്‌ലെറ്റുകളും നടത്തുന്നത് കുടുംബശ്രീ അംഗങ്ങളാണ്. ഫാമുകളിൽ ഇവയെ വളർത്തിയെടുക്കുമ്പോൾ മികച്ച കമ്മിഷൻ കിട്ടും. ഔട്ട്‌ലെറ്റുകളിൽ വിൽക്കുന്ന കോഴികൾക്ക് ഒരുകിലോയ്‌ക്ക് നിശ്ചിത മാർജിനിൽ വില നൽകുന്നു. ഈസ്റ്റർ വിപണി മുന്നിൽകണ്ടാണ് ഇപ്പോൾ കോഴികളെ വളർത്തുന്നത്.
ജില്ലയിൽ വിറ്റ കേരളാ ചിക്കൻ (ടൺ) 2021-2022 : 1057.87 2022– 2023 : 1526.92 2023– 2024 : 1360.06 2024- 2025 : 1314.6957(ഫെബ്രുവരി വരെ)
ജില്ലയിലെ ഔട്ട്‌ലെറ്റുകൾ കൊടുങ്ങൂർ, മാന്തുരുത്തി, കറുകച്ചാൽ(പനയമ്പാല), തെങ്ങണ, ചങ്ങനാശേരി, വെണ്ണിമല, ഇല്ലിവളവ്, കളത്തിപ്പടി, കുമ്മനം, ഏറ്റുമാനൂർ, കിടങ്ങൂർ, ചേർപ്പുങ്കൽ, പാലാ, പുതുവേലി, കാഞ്ഞിരപ്പള്ളി