ജാപ്പനീസ് സൂപ്പിൽ എലി, ക്ഷമാപണം

Thursday 03 April 2025 6:48 AM IST

ടോക്കിയോ: ജാപ്പനീസ് റെസ്റ്റോറന്റിൽ വിളമ്പിയ മിസോ സൂപ്പിൽ എലിയെ കണ്ടെത്തി. ടോട്ടോറി നഗരത്തിൽ ജനുവരി അവസാനമായിരുന്നു സംഭവം. പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയായ സുകിയയുടെ ഔട്ട്‌ലെറ്റിലായിരുന്നു സംഭവം. അടുത്തിടെയാണ് വിഷയത്തിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ട് കമ്പനി പ്രസ്താവന പുറത്തുവിട്ടത്. 'പുറത്തുനിന്നുള്ള ഒരു വസ്തു" സൂപ്പിൽ കയറിക്കൂടിയത് സൂപ്പ് കഴിക്കുന്നതിന് മുന്നേ കസ്റ്റമർ കണ്ടെന്നും തങ്ങളുടെ ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്നും കമ്പനി പ്രസ്താവനയിൽ പറയുന്നു. തുടർന്ന് അന്വേഷണം നടത്തിയെന്നും സൂപ്പ് തയ്യാറാക്കുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചതാണെന്നും കമ്പനി പറയുന്നു. സംഭവം ഒറ്റപ്പെട്ടതാണെന്നും കൂട്ടിച്ചേർത്തു. റെസ്റ്റോറന്റ് ഉടൻ തന്നെ പരിശോധനകൾക്കായി താത്കാലികമായി പ്രവർത്തനം നിറുത്തിവച്ചിരുന്നു. രണ്ട് ദിവസത്തിന് ശേഷം ആരോഗ്യപ്രവർത്തകരുടെ പരിശോധന പൂർത്തിയാക്കി റെസ്റ്റോറന്റ് തുറന്നു.