ഭൂകമ്പത്തിൽ മരണം 3000 കടന്നു: മ്യാൻമറിൽ വെടിനിറുത്തൽ പ്രഖ്യാപിച്ച് സൈന്യം

Thursday 03 April 2025 6:48 AM IST

നെയ്‌പിഡോ: ഭൂകമ്പത്തിൽ തകർന്നടിഞ്ഞ മ്യാൻമറിൽ വിമതർക്കെതിരെ താത്കാലിക വെടിനിറുത്തൽ പ്രഖ്യാപിച്ച് പട്ടാള ഭരണകൂടം. ഏപ്രിൽ 22 വരെയാണ് വെടിനിറുത്തൽ. ഇന്നലെ രാത്രി വൈകി ദേശീയ ടെലിവിഷൻ ചാനൽ വഴിയായിരുന്നു പ്രഖ്യാപനം. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് നടപടി. സൈന്യം ആക്രമണങ്ങൾ തുടരുന്നതിനെതിരെ അന്താരാഷ്ട്ര വിമർശനം ശക്തമായതിന് പിന്നാലെയാണ് തീരുമാനം. ഭൂകമ്പ പശ്ചാത്തലത്തിൽ വിമത ഗ്രൂപ്പുകൾ നേരത്തെ തന്നെ ആക്രമണങ്ങൾ നിറുത്തിവച്ചിരുന്നു. ചൊവ്വാഴ്ച രാത്രി ദുരന്ത ബാധിത പ്രദേശത്തേക്ക് അവശ്യ വസ്തുക്കളുമായി പോയ ചൈനീസ് റെഡ് ക്രോസ് വാഹന വ്യൂഹത്തിന് നേരെ സൈന്യം വെടിവയ്പ് നടത്തിയിരുന്നു. ഷാൻ സംസ്ഥാനത്ത് വച്ചായിരുന്നു സംഭവമെന്നും മെഷീൻ ഗണ്ണുകൾ ഉപയോഗിച്ച് സൈന്യം റെഡ് ക്രോസിന്റെ 9 വാഹനങ്ങളെ വെടിവച്ചെന്നും ഒരു വിമത ഗ്രൂപ്പ് ഇന്നലെ അറിയിച്ചിരുന്നു. ആളപായമില്ലെന്നാണ് സൂചന. ഭൂകമ്പം ഏറ്റവും കൂടുതൽ നാശം വിതച്ച മണ്ഡലൈ നഗരത്തിലേക്ക് പോവുകയായിരുന്നു സംഘം.അതേ സമയം, വാഹനങ്ങൾക്ക് നേരെ വെടിവച്ചിട്ടില്ലെന്നും സംഭവം അന്വേഷിക്കുകയാണെന്നും പട്ടാള ഭരണകൂടം പ്രതികരിച്ചു. വാഹനം നിറുത്താൻ ആവശ്യപ്പെട്ടെങ്കിലും അവർ അവഗണിച്ചെന്നും തുടർന്ന് സൈനികർ ആകാശത്തേക്ക് വെടിയുതിർത്തെന്നും കൂട്ടിച്ചേർത്തു. തങ്ങളുടെ ദുരന്ത നിവാരണ സംഘത്തിലെ എല്ലാവരും സുരക്ഷിതരാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വെള്ളിയാഴ്ചയാണ് മ്യാൻമറിനെ നടുക്കി 7.7 തീവ്രതയിലെ ഭൂകമ്പമുണ്ടായത്. ഭൂകമ്പം അയൽരാജ്യമായ തായ്‌ലൻഡിലും നാശംവിതച്ചു. മ്യാൻമറിൽ മാത്രം 3,003 പേർ കൊല്ലപ്പെട്ടു. 4,500ലേറെ പേർക്ക് പരിക്കേറ്റു. തായ്‌ലൻഡിൽ മരണം 22 ആയി. ബാങ്കോക്കിൽ തകർന്ന 30 നില കെട്ടിടത്തിനിടെയിൽ കുടുങ്ങിയ 70ലേറെ പേർക്കായി തെരച്ചിൽ തുടരുന്നു.

# നിലയ്ക്കാത്ത വെടിയൊച്ചകൾ

2021 ഫെബ്രുവരിയിലാണ് ഓംഗ് സാൻ സൂചി ഭരണകൂടത്തെ പുറത്താക്കി സൈന്യം മ്യാൻമറിലെ അധികാരം പിടിച്ചെടുത്തത്. അന്ന് മുതൽ സൈന്യവും അവരെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്ന ജനാധിപത്യ അനുകൂല സേനകളും തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷമാണ്. ആഭ്യന്തര യുദ്ധം മൂലം ഏകദേശം 35 ലക്ഷം ജനങ്ങൾക്ക് അവരുടെ വീടുവിട്ട് പലായനം ചെയ്യേണ്ടി വന്നെന്നാണ് കണക്ക്. ദാരിദ്ര്യം അപകടകരമായ നിലയിലെത്തി. മ്യാൻമറിലെ 2 കോടി ജനങ്ങൾക്ക് ഈ വർഷം സഹായം ലഭിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടന അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. പട്ടാള അട്ടിമറിക്ക് ശേഷം പുറംലോകത്ത് നിന്ന് ഒറ്റപ്പെട്ട അവസ്ഥയിലാണ് മ്യാൻമർ.