'എല്ലാ വില്ലന്മാർക്കും ഹിന്ദുപ്പേരാണ്, ചരിത്രത്തെ വളച്ചൊടിച്ചു'; എമ്പുരാനെതിരെ നടി സോണിയ മൽഹാർ
'എമ്പുരാൻ' സിനിമ മോശമായ സ്വാധീനമാണ് സമൂഹത്തിന് നൽകുന്നതെന്ന് നടിയും ബിജെപി പ്രവർത്തകയുമായ സോണിയ മൽഹാർ. സിനിമയിൽ ഗുജറാത്ത് കലാപത്തിൽ ഇരയാക്കപ്പെടുന്ന പയ്യൻ ഓടിപ്പോയി രക്ഷപ്പെടുന്നത് പള്ളിയിലോ അമ്പലത്തിലോ അല്ല ലഷ്‌കറെ തയിബയുടെ സൈനിക ക്യാമ്പിലേക്കാണെന്നും ഇതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്നും നടി ചോദിച്ചു. മതത്തെ വച്ചും വർഗീയത വിറ്റും സിനിമയെ വളർത്താൻ നോക്കിയാൽ അത് ചിലപ്പോൾ എവിടെയെങ്കിലുമൊക്കെ പിഴയ്‌ക്കും. അതാണ് എമ്പുരാന് സംഭവിച്ചതെന്നും സോണിയ മൽഹാർ പറഞ്ഞു.
സോണിയ പറഞ്ഞത്
'ലോക രാജ്യങ്ങളുടെ മുന്നിൽ നമ്മുടെ രാജ്യത്തിനൊരു അന്തസുണ്ട്. 70 വർഷം ഭരിച്ച കോൺഗ്രസ് സർക്കാർ പല കാര്യങ്ങളും തെറ്റായാണ് വ്യാഖ്യാനിച്ചത്. സോഷ്യൽ മീഡിയ ഇല്ലാതിരുന്ന കാലഘട്ടത്തിൽ നമ്മൾ പലതും വിശ്വസിച്ചു. ഏതോ ഗർഭിണിയുടെ വയറ്റിൽ ശൂലം കുത്തി കുഞ്ഞിനെ എടുക്കുന്ന സംഭവം ചെറുപ്പം മുതലേ നമ്മൾ കേൾക്കുന്നതാണ്. അപ്പോഴൊക്കെ ഞാനും വിചാരിച്ചിരുന്നു. ഇത്ര ഭീകരവാദികളാണോ ഈ ആർഎസഎസ്, ബിജെപി എന്നൊക്കെ.
കഴിഞ്ഞ ഒമ്പത് വർഷമായി ഇതുമായി ബന്ധപ്പെട്ട് റിസർച്ച് ചെയ്‌തു. പലതും പഠിച്ചു. പല സംസ്ഥാനങ്ങളിൽ യാത്ര ചെയ്‌തു. പാർട്ടിയെക്കുറിച്ച് പഠിച്ചു. ഈ പറയുന്നതൊന്നുമല്ല വാസ്‌തവം. യാഥാർത്ഥ്യം വേറെയാണ്. അതിനാലാണ് ബിജെപിയുടെ ഭാഗമാകാൻ തീരുമാനിച്ചത്.
ഗോധ്ര സംഭവം പറയാതെ ഗുജറാത്ത് സംഭവം പറഞ്ഞാൽ എങ്ങനെയാണ് മനസിലാവുക. ഒരാൾ ഒരടി കൊടുക്കുമ്പോഴാണ് തിരിച്ചടി കൊടുക്കുന്നതിന്റെ കാരണം മനസിലാവുക. ഗോധ്ര കലാപത്തെ ടൈറ്റിൽ മാത്രം ഓടിച്ചുപോകുന്ന രീതിയിൽ കാണിച്ചാൽ ആർക്കും മനസിലാവില്ല. പ്രത്യേകിച്ച് പുതിയ തലമുറയിലെ കുട്ടികൾക്ക്. സ്വാഭാവികമായും അവന്റെയുള്ളിൽ അമർഷം ഉയരും.
സിനിമയെന്ന് പറയുന്നത് സ്വാധീനിക്കുന്ന മേഖലയാണ്. മനഃപൂർവം ചരിത്രത്തെ വളച്ചൊടിച്ചു പറയുമ്പോൾ രാജ്യത്തെ സ്നേഹിക്കുന്ന എല്ലാവർക്കും വിഷമം ഉണ്ടാകും. ജാതിയും മതവും നോക്കാതെ അമ്മമാർ അടക്കം പ്രതികരിച്ചത് നമ്മുടെ രാജ്യത്തെ ബോധപൂർവം തകർക്കാൻ നോക്കിയപ്പോഴാണ്. നമ്മെ വേദനിപ്പിക്കുന്ന ഒരുപാട് രംഗങ്ങൾ സിനിമയിലുണ്ട്. ഗർഭിണിയായ സ്‌ത്രീയെ റേപ്പ് ചെയ്യുന്ന സീൻ വളരെ ക്രൂരമായി കാണിക്കുന്നു. മുമ്പും പല സിനിമകളിലും ഇത് വന്നിട്ടുണ്ട്. പക്ഷേ, ചരിത്രത്തെ വച്ച് അളക്കുമ്പോൾ പലരുടെയും മനസിൽ തെറ്റിദ്ധാരണ ഉണ്ടാക്കും.
കുഞ്ഞുങ്ങളെയും അമ്മമാരെയും ജാതിതിരിച്ച് കൊല്ലുന്നതൊക്കെ വലിയ വിവാദങ്ങൾക്കിടയാക്കും. എല്ലാ ക്രിമിനൽ വില്ലന്റെ പേരും ഹിന്ദുക്കളാണ്. സിനിമ ചെയ്‌തിരിക്കുന്നതും ഹൈന്ദവരാണ്. ജാതി പ്രശ്‌നത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. മതത്തെ വച്ചും വർഗീയത വിറ്റും സിനിമയെ വളർത്താൻ നോക്കിയാൽ അത് ചിലപ്പോൾ എവിടെയെങ്കിലുമൊക്കെ പിഴയ്‌ക്കും. അച്ഛനെയും അമ്മയെയും വിറ്റുവരെ ചിലർ ജീവിക്കും, അച്ഛനും അമ്മയ്‌ക്കും നാണക്കേട് ഉണ്ടാക്കിയും ജീവിക്കും, അച്ഛനെയും അമ്മയെയും പൊന്നുപോലെ നോക്കി ജീവിക്കുന്ന മക്കളുമുണ്ട്. അതിന് അന്തസുണ്ട്. നമുക്ക് എങ്ങനെ വേണമെങ്കിലും പണമുണ്ടാക്കാം. '