ഹോട്ടൽ പരിശോധന പ്രഹസനമാകുന്നു, നോട്ടീസ് നൽകും, പിഴയീടാക്കും ഇത്രയേയുള്ളൂ ഭക്ഷ്യസുരക്ഷ !
കോട്ടയം : ഉത്സവസീസണിൽ സ്പെഷ്യൽ ഡ്രൈവ് നടത്തി വാർത്തകളിൽ ഇടംപിടിക്കുന്നതല്ലാതെ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പ്രവർത്തനം നിർജ്ജീവം. ജീവനക്കാരുടെ കുറവും പരിശോധനകൾ കൃത്യമായി നടത്താനുള്ള സംവിധാനവുമില്ലാതെ വകുപ്പ് ഇഴയുമ്പോൾ സർക്കാരും കാഴ്ചക്കാരുടെ റോളിലാണ്. ഇതിന് ബലി കൊടുക്കുന്നതാകട്ടെ സാധാരണക്കാരുടെ ജീവനും. പൊതുജനങ്ങളുടെ പരാതിയിൽ നേരിട്ടെത്തി അന്വേഷണം നടത്താൻ ആൾക്ഷാമം പലപ്പോഴും വിലങ്ങുതടിയാണ്.
ഭക്ഷ്യസുരക്ഷയെ പറ്റിയും ഭക്ഷണത്തെപ്പറ്റിയും വ്യക്തമായ അറിവില്ലാതെയാണ് പലരും സ്ഥാപനങ്ങൾ നടത്തുന്നത്. ഹോട്ടലുകളിലെ വൃത്തി മാത്രമാണ് ആരോഗ്യ വിഭാഗം പരിശോധിക്കുന്നത്. ഇത്തരം ഹോട്ടലുകൾക്ക് പിഴ ചുമത്തി ഏതാനും ദിവസം അടച്ചിടുന്നത് മാത്രമാണ് ആകെയുള്ള നടപടി. ഭക്ഷണ സാമ്പിൾ ലാബിലേക്ക് അയക്കേണ്ടത് ഭക്ഷ്യസുരക്ഷാ വകുപ്പാണ്. എന്നാൽ ഇത് കൃത്യമല്ലെന്നാണ് ആക്ഷേപം.
കുരീക്കൽ ഹോട്ടൽ വീണ്ടും തുറന്നത് എങ്ങനെ
40 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതിന് പിന്നാലെ അടപ്പിച്ച കടുത്തുരുത്തിയിലെ കുരീക്കൽ ഹോട്ടൽ വീണ്ടും തുറന്നു. ഇത്രയും തിടുക്കപ്പെട്ട് ഹോട്ടൽ തുറക്കാൻ അനുമതി കൊടുത്തതിൽ പ്രതിഷേധം ശക്തമാണ്. പാലകരയിലെ വീട്ടിൽ നടന്ന മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരാണ് ശാരീകാസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. ഹോട്ടലിൽ നിന്ന് വാങ്ങിയ ഇഡ്ഡലിയും, സാമ്പാറും, വടയും, ചമ്മന്തിയുമായിരുന്നു വില്ലൻ. പരാതി ഉയർന്നതോടെ നടപടിയെടുത്തെങ്കിലും അതിവേഗം തുറന്ന് പ്രവർത്തിപ്പിക്കാൻ സാഹചര്യം ഒരുങ്ങിയതെങ്ങനെയാണെന്നാണ് ഉയരുന്ന ചോദ്യം. അനുമതിയില്ലാതെ ഹോട്ടലിന്റെ മറവിൽ കാറ്ററിംഗ് സർവീസും ഇവർ നടത്തിയിരുന്നു.
വ്യാപാരികളുമായി സൗഹൃദം
അതത് ജില്ലകളിലുള്ള ഉദ്യോഗസ്ഥരാണ് ഹോട്ടലുകളിൽ പരശോധന നടത്തുന്നത്. ഇതും അപ്രായോഗികവും അശാസ്ത്രീയവുമാണ്. ഉദ്യോഗസ്ഥരുമായുള്ള വ്യാപാരികളുടെ സൗഹൃദവും പരിചയവും പരിശോധനയുടെ ഉദ്ദേശ്യശുദ്ധി ഇല്ലാതാക്കുകയും അഴിമതിക്ക് കളമൊരുക്കുകയും ചെയ്യും. പരിഹാരമായി മറ്റ് ജില്ലകളിലെ ഉദ്യോഗസ്ഥരെ പരിശോധനയ്ക്ക് നിയോഗിക്കുന്ന ഇന്റർഡിസ്ട്രിക്ട് സ്ക്വാഡുകൾ ഇല്ലാതായി. ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഉദ്യോഗസ്ഥരുടെ അഭാവമുണ്ടെങ്കിൽ അത്തരം സ്ഥലങ്ങളിൽ ആരോഗ്യവകുപ്പിലെയും തദ്ദേശസ്ഥാപനങ്ങളിലെയും ഹെൽത്ത് ഇൻസ്പെക്ടർമാരുടെ സേവനം കൂടി ലഭ്യമാക്കണമെന്നാവശ്യം.
എല്ലാം തോന്നുംപടി
എവിടെയും ആർക്കും ഹോട്ടലുകൾ ആരംഭിക്കാം
വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നില്ല
മാലിന്യ നിർമാർജ്ജന സംവിധാനങ്ങളില്ല
ജീവനക്കാരുടെ ഹെൽത്ത് കാർഡ് അന്വേഷിക്കാറില്ല
പരിശോധനയ്ക്കുള്ളത്
ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലാ ഓഫീസ് : 6
നിയോജകമണ്ഡലം തലത്തിൽ : 1