പേരേറ്റിൽ വാഹനാപകടം; ഡ്രൈവർ റിമാൻഡിൽ
കല്ലമ്പലം: പേരേറ്റിൽ ഉത്സവം കണ്ടുമടങ്ങിയ ജനക്കൂട്ടത്തിനിടയിലേയ്ക്ക് വാഹനം ഇടിച്ചുകയറി അമ്മയും മകളും മരിച്ച സംഭവത്തിൽ റിക്കവറി വാനിന്റെ ഡ്രൈവറെ ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തു. ചെറുന്നിയൂർ മുടിയക്കോട് ചരുവിള വീട്ടിൽ ടോണി ആന്റണി (36)യെയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ആറ്റിങ്ങൽ സബ് ജയിലിലേയ്ക്ക് അയച്ചത്. അപകടം നടന്നയുടൻ ഒളിവിൽ പോയ ഇയാൾ നിയമവിദഗ്ധരുടെ സഹായം തേടിയ ശേഷം ബുധനാഴ്ച വൈകിട്ട് 6 മണിയോടെ വർക്കല പൊലീസിൽ കീഴടങ്ങി. തുടർന്ന് കല്ലമ്പലം പൊലീസ് ഏറ്റുവാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിക്ക് അപകടസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാനും മൂന്ന് ദിവസത്തോളം ഒളിവിൽ കഴിയാനും സാധിച്ചത് പൊലീസിന്റെ വീഴ്ചയും ഉന്നതരുടെ ഇടപെടലുമാണെന്ന് നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രി 10.45ഓടെ നടന്ന അപകടത്തിൽ പേരേറ്റിൽ കൊച്ചുപുലയൻ വിളാകത്ത് കണ്ണകി ഭവനിൽ മണിലാലിന്റെ ഭാര്യ രോഹിണി (55),മൂന്നാം വർഷ പാരാമെഡിക്കൽ വിദ്യാർത്ഥിയായ മകൾ അഖില (21) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരിൽ നാസിഫിന്റെ കൈയുടെ മൂന്ന്‍ വിരലുകൾ നഷ്ടമായി.