ട്രാഫിക്ക് നിയമങ്ങളിൽ പരിജ്ഞാനമില്ലെങ്കിൽ ഡ്രൈവിംഗ് ടെസ്റ്റ് കടുക്കും

Friday 04 April 2025 2:12 AM IST

വർക്കല: പുതിയ ഡ്രൈവിംഗ് സംസ്കാരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ലൈസൻസ് ടെസ്റ്റിന് എത്തുന്നവർ റോഡിൽ പാലിക്കേണ്ട നിയമങ്ങളെ സംബന്ധിച്ചും ബോധവാന്മാരായിരിക്കണം. വാഹനമോടിച്ച് തെളിഞ്ഞാൽ എല്ലാമായെന്ന് കരുതുന്നവർക്ക് റോഡ് നിയമങ്ങളിൽ വകതിരിവില്ലെങ്കിൽ ഇനിമുതൽ ടെസ്റ്റിന് എത്തുമ്പോൾ പണികിട്ടും. ഏതുതരം വാഹനവുമാകട്ടെ, ഓടിക്കുന്ന ആൾക്ക് റോഡ് നിയമങ്ങളിൽ പരിജ്ഞാനം ഉണ്ടോയെന്ന് കർശനമായി പരിശോധിക്കുമെന്ന് വർക്കല സബ് ആർ.ടി.ഒ ഉദ്യോഗസ്ഥർ പറയുന്നു. ട്രാഫിക്ക് നിയമങ്ങൾ പാലിക്കുക വഴി അപകടങ്ങൾ ഒഴിവാക്കാമെന്നത് തന്നെയാണ് ഈ ഉദ്യമത്തിന് പിന്നിൽ. റോഡ് നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നവരെയാണ് യോഗ്യരായ ലൈസൻസ് അപേക്ഷകരായി അധികൃതർ കണക്കാക്കുന്നത്. കൃത്യമായ ഉത്തരം നൽകിയില്ലെങ്കിൽ ടെസ്റ്റിന് നേരെ കയറി ചെല്ലാനാവില്ല. ലൈസൻസുമായി വാഹനത്തിൽ കയറിയാൽ എന്തുമാകാമെന്നതിന് പകരം എന്ത് ആകാമെന്നും എന്ത് പാടില്ലെന്നും കൃത്യമായ അവബോധം ഉണ്ടാക്കുകയാണ് ലക്ഷ്യം. ടെസ്റ്റിന് ഗ്രൗണ്ടിൽ എച്ച്, എട്ട് എന്നിവയെടുത്താലും റോഡിൽ പാലിക്കേണ്ട നിയമങ്ങളും നിർദ്ദേശങ്ങളും എന്തൊക്കെയെന്നും എപ്പോൾ എങ്ങനെ പാലിക്കണമെന്നതുൾപ്പെടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകണം. ഇതിന് കഴിഞ്ഞില്ലെങ്കിൽ വർക്കല സബ് ആർ.ടി ഓഫീസിൽ നിന്ന് ലൈസൻസ് കിട്ടുന്നത് കടുക്കും.

ട്രാഫിക്ക് നിയമങ്ങൾ പാലിക്കണം

വാഹന ലൈസൻസ് എടുക്കുന്നവരുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുകയാണ്. വേഗപരിധി, പ്രധാനപ്പെട്ട റോഡ് നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ളവയിൽ അപേക്ഷകർക്ക് അറിവ് ഉണ്ടായിരിക്കണം. ചുവടെയുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.

ഇടതുവശത്തുകൂടെ വാഹനങ്ങളെ മറികടക്കരുത്

തിരക്കുപിടിച്ച ജംഗ്ഷനുകൾ, സീബ്രാക്രോസുകൾ, നടപ്പാതകൾ, അപകടംപിടിച്ച വളവുകൾ എന്നിവയുടെ സമീപമെത്തുമ്പോൾ വേഗത കുറയ്ക്കുക

അനുവദനീയമായ സ്ഥലങ്ങളിൽ മാത്രം വാഹനം പാർക്ക് ചെയ്യുക

രണ്ടോ നാലോ വരിയുള്ള പാതകളിൽ വരുന്ന സിഗ്‌നലുകളിൽ യുടേൺ എടുക്കുമ്പോൾ വാഹനം വലതുവശം ചേർത്ത് നിറുത്തുക

ട്രാഫിക് സിഗ്നലിന് സമീപമെത്തുമ്പോൾ തിരക്കുപിടിച്ച് മറികടക്കാൻ ശ്രമിക്കരുത്

ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ നിർബന്ധമായും ധരിക്കുക

വളവുകളിൽ ഇൻഡിക്കേറ്റർ ഓണാക്കി മാത്രം വാഹനം തിരിക്കുക

ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കരുത്