മൂല്യനിർണ്ണയ ക്യാമ്പുകളിൽ പ്രതിഷേധ സംഗമം
കാസർകോട്:ഹയർ സെക്കൻഡറി മേഖലയിലെ അദ്ധ്യാപകരുടെ ജോലി സുരക്ഷയ്ക്കും സർവ്വീസ് കാര്യങ്ങൾക്കും പ്രതികൂലമായി ബാധിക്കുന്ന സ്‌കൂൾ ഏകീകരണ നടപടികൾ അവസാനിപ്പിക്കുക ,ഹയർ സെക്കൻഡറി പരീക്ഷകളുടേയും മൂല്യനിർണ്ണയത്തിന്റെയും വേതനം വർദ്ധിപ്പിക്കുക ,തസ്തികകൾ വെട്ടിച്ചുരുക്കി അദ്ധ്യാപകരെ അശാസ്ത്രീയമായി ട്രാൻസ്ഫർ ചെയ്യുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജില്ലയിലെ നാല് ഹയർ സെക്കൻഡറി മൂല്യനിർണ്ണയ ക്യാമ്പുകളിലും പ്രതിഷേധ സംഗമങ്ങൾ നടത്തി. ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേർസ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ജിജി തോമസ് നിർവ്വഹിച്ചു. ജില്ലാ ചെയർമാൻ സുബിൻ ജോസ് അദ്ധ്യക്ഷത വഹിച്ചു. റംഷാദ് അബ്ദുള്ള, വത്സലകുമാരി, സോജി കുര്യാക്കോസ്, പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു.