അടിച്ചുപൊളിക്കാൻ ഇനി വലിയമട വാട്ടർ പാർക്ക്
കോട്ടയം : സായാഹ്‌നക്കാഴ്ചകൾ കണ്ടു ഫ്ലോട്ടിംഗ് പാലത്തിലൂടെ നടക്കാം, ശുദ്ധജലം നിറഞ്ഞ ജലാശയത്തിലൂടെ കയാക്കിംഗ്, ചൂടുഭക്ഷണം കഴിച്ച് കുടുംബവും സൗഹൃദങ്ങളുമായി ഇത്തിരിനേരം, പടിഞ്ഞാറൻ മേഖലയുടെ സൗന്ദര്യം നുകർന്ന് ഉല്ലസിക്കാനുള്ള അവസരവുമായി വലിയമട വാട്ടർ പാർക്ക് ഏഴിന് തുറക്കും. വൈകിട്ട് 6.30ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. 4.85 കോടി രൂപ മുടക്കിയാണ് വിനോദസഞ്ചാര വകുപ്പ് അയ്മാനം ഗ്രാമപഞ്ചായത്തിൽ പാർക്ക് പൂർത്തീകരിച്ചത്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അഞ്ചര ഏക്കർ വിസ്തൃതിയുള്ള വലിയമട കുളം നവീകരിച്ചാണ് പദ്ധതി നടപ്പാക്കിയത്.
രാത്രി 11 വരെ പ്രവേശനം കളർ മ്യൂസിക് വാട്ടർ ഫൗണ്ടൻ, ഫ്ലോട്ടിംഗ് റസ്റ്റോറന്റ്, ഫ്ളോട്ടിംഗ് വാക് വേ, പെഡൽ ബോട്ടിംഗ്, ഫിഷിംഗ്, കുട്ടികൾക്കുള്ള കളിയിടം, പൂന്തോട്ടം, പക്ഷി നിരീക്ഷണം, മ്യൂസിക് ഷോകൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. രാത്രി 11 വരെയാണ് പ്രവേശനം. നഗരത്തിരക്കിൽ നിന്നു മാറി രാത്രിജീവിതം ആസ്വദിക്കാനും പ്രദേശിക രുചി ഭേദങ്ങൾ ആസ്വദിക്കാനും പറ്റിയ ഇടം എന്ന നിലയിലാണ് വാട്ടർ ടൂറിസം പാർക്ക് സവിശേഷമാകുന്നത്.
''ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടിയ കുമരകത്തിന്റെ സമീപപ്രദേശമായതിനാൽ തദ്ദേശ വിനോദസഞ്ചാരികളെപ്പോലെ തന്നെ കുമരകത്ത് എത്തുന്ന വിദേശ സഞ്ചാരികളേയും വലിയമടയിലേക്ക് ആകർഷിക്കാനാകും.
ആതിര സണ്ണി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി