ആറളം ഫാമിൽ നിന്ന് 14 കാട്ടാനകളെ കൂടി വന്യജീവി സങ്കതത്തിലേക്ക് കയറ്റി വിട്ടു

Thursday 03 April 2025 8:44 PM IST

ഇരിട്ടി: ആറളം ഫാം ഏരിയയിൽ തമ്പടിച്ച പതിനാല് ആനകളെ കൂടി വന്യജീവി സങ്കേതത്തിലേക്ക് തുരത്തി.ആറളം ഫാം ബ്ലോക്ക്‌ രണ്ടിൽ തമ്പടിച്ച ആനകളെ കാറ്റാടി റോഡിൽ നിന്ന് തുരത്തി ആനയെ ചുട്ട കരി, നിരന്ന പാറ, ഹെലിപ്പാട്, വട്ടക്കാട്, തളിപ്പാറ, കോട്ടപ്പാറ വഴിയാണ് ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തിയത്.

ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവന്റെ നേതൃത്വത്തിൽ ആർ.ആർ.ടി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഷൈനികുമാർ, ആറാളം ഫാം സെക്യൂരിറ്റി ഓഫീസർ എം.കെ.ബെന്നി , ഡെപ്യൂട്ടി തഹസീൽദാർമാരായ ഇ.രാധ , ബിജി ജോൺ എന്നിവരുടെ മേൽനോട്ടത്തിൽ കൊട്ടിയൂർ റെയ്ഞ്ച്, ആറളം വൈൽഡ്‌ലൈഫ് റെയ്ഞ്ച് ജീവനക്കാരും വാച്ചർമാരും ആറളം ഫാം ജീവനക്കാരും ഉൾപ്പെടെ 35 ഓളം പേർ ദൗത്യത്തിൽ പങ്കെടുത്തു.

തുരത്തൽ ദൗത്യം ഇന്നും തുടരും. കഴിഞ്ഞ ദിവസം നാല് ആനകളെ വന്യജീവി സങ്കേതത്തിലേക്ക് കയറ്റിയിരുന്നു.