ഇത് വടക്കിന്റെ പൂരോത്സവകാലം; മലയാളത്തിന്റെ ഏക പാണ്ഡിത്യ പോർമുഖമായ മറത്തുകളികാലവും
തൃക്കരിപ്പൂർ: കാർത്തിക പിറന്നതോടെ വടക്കെ മലബാറിൽ പൂരോത്സവക്കാലം.പൂരം വരെയുള്ള നാളുകളിൽ വസന്തോത്സവമെന്ന നിലയിൽ മലയാളദേശത്തിൽ മറ്റൊരിടത്തുമില്ലാത്ത ആചാരാനുഷ്ഠാന വിശേഷങ്ങളോടെയാണ് അത്യുത്തര കേരളത്തിലെ പൂരോത്സവം ആഘോഷിച്ചുവരുന്നത്. വീടുകൾ തൊട്ട് ദേശാധിപത്യം വഹിക്കുന്ന മഹാക്ഷേത്രങ്ങൾ വരെ ഭാഗവാക്കാവുന്നതാണ് വടക്കരുടെ മീനപ്പൂരം.
പൂരോത്സവത്തിൽ സുപ്രധാനമായ പൂരക്കളിയുടെ ഭാഗമായി പന്തലിൽ പൊന്നു വെക്കൽ, കളി ഒക്കൽ തുടങ്ങിയ ചടങ്ങുകൾക്കു ശേഷം പുറം പന്തലിലെ കളി മാറി പണിക്കന്മാർ കഴകം കയറുന്നതും തുടർന്ന് വിവിധ ക്ഷേത്രങ്ങളിൽ മറത്തു കളി അരങ്ങേറുന്നതുമെല്ലാം വടക്കരുടെ പൂരവിശേഷങ്ങളിൽ പെട്ടതാണ്. രേവതി പട്ടത്താനം അടക്കമുള്ള വാക്യാർത്ഥസദസുകൾ ചരിത്രാവശേഷിപ്പായി നിൽക്കുന്ന കേരളത്തിൽ നിലവിൽ അവശേഷിക്കുന്ന ഏറ്റവും വലിയ പണ്ഡിതസഭയാണ് മറുത്തുകളി. പുരാണേതിഹാസങ്ങളുംജ്യോതിഷവും വ്യാകരണങ്ങളും കാവ്യ,ശാസ്ത്ര നാടകാദികളുമടക്കം നൂറു നൂറു വിഷയങ്ങളിലെ അറിവുകൾ തമ്മിൽ മറുക്കുന്നതാണ് മറുത്തുകളി.
ഈ വാക്യാർത്ഥസദസ്സോടൊപ്പം ഒന്നുമുതൽ 18 വരെ നിറങ്ങളും വൻ കളികളായ രാമായണം ഒറ്റ, ഇരട്ട, ഗണപതി പാട്ട് എന്നിങ്ങനെയുള്ള പൂരക്കളിയുമാണ് മറത്തുകളിയുടെ സൗന്ദര്യം. അഞ്ചിന് കുഞ്ഞിമംഗലം അണീക്കര പൂമാല ഭഗവതി ക്ഷേത്രത്തിലെത്തുന്ന മല്ലിയോട്ട് ക്ഷേത്ര സംഘവുമായുള്ള മറത്തുകളിയാണ് ഇതിൽ ആദ്യത്തേത്. വിപിൻ പണിക്കർ ഏര്യം സജിത്ത് പണിക്കർ മടിക്കൈ എന്നിവരാണ് ഇവിടെ മറുത്തുകളിയിൽ മാറ്റുരക്കുന്നത്. ആറാം തീയ്യതിയാണ് രാമവില്യത്ത് മറത്തുകളി. ഉപക്ഷേത്രങ്ങളായ ഒളവറ മുണ്ട്യയെ പ്രതിനിധീകരിച്ച് ശ്രീധരൻ പണിക്കരുടെ നേതൃത്വത്തിലുള്ള ക്ഷേത്ര സംഘവും പേക്കടം കുറുവാപ്പള്ളി അറ പൂരക്കളി സംഘത്തെ നയിച്ചെത്തുന്ന ദാമോദരൻ പണിക്കരും സംഘവുമാണ് രാമവില്യത്ത് മറത്തുകളി കളിക്കുന്നത്.
കുട്ടമത്ത് പൂമാല ഭഗവതി ക്ഷേത്രവും കിഴക്കുംകര പുള്ളിക്കരിങ്കാളി ദേവസ്ഥാനവും തമ്മിലുള്ള മറഞ്ഞു കളി ഏഴ്, ഒൻപത് തീയ്യതികളിൽ നടക്കും. ശരത് ചന്ദ്രൻ പണിക്കർ, പി.രാജൻ പണിക്കർ കൊയോങ്കര എന്നിവർ തമ്മിലാണ് കളി. ചന്തേര ചെമ്പിലോട്ട് ഭഗവതി ക്ഷേത്രം, കരിവെള്ളൂർ വാണിയിലം ക്ഷേത്ര സംഘങ്ങൾ തമ്മിലുള്ള മറുത്തുകളി ഏഴ്, ഒൻപത് തീയതികളിൽ നടക്കും. തുരുത്തി രാഘവൻ പണിക്കർ, സി.കെ.അഭിനന്ദ് പണിക്കർ എന്നിവരാണ് ഇവിടെ മാറ്റുരക്കുന്നത്. കരക്കക്കാവ് ഭഗവതി ക്ഷേത്രവും കൊയോങ്കര പൂമാല ഭഗവതി ക്ഷേത്രവും തമ്മിലുള്ള മറത്തു കളിയും ഇതെ തീയതികളിലാണ്. കരക്കക്കാവിനെ പ്രതിനിധീകരിച്ച് സുകുമാരൻ പണിക്കറും കൊയോങ്കര ക്ഷേത്രത്തിന് ടി.തമ്പാൻ പണിക്കരും മത്സരിക്കും. കുന്നച്ചേരി പൂമാല ഭഗവതി ക്ഷേത്രത്തിലെ കാടങ്കോട് കുഞ്ഞികൃഷ്ണൻ പണിക്കരും കൊടക്കത്ത് കൊട്ടണച്ചേരി ക്ഷേത്രത്തിലെ എം.രാജീവൻ പണിക്കരും തമ്മിലും ഇക്കുറി മറത്തുകളിയുണ്ട്. ഏഴാം തീയ്യതി കൊട്ടണച്ചേരിയും എട്ടാം തീയ്യതി കുന്നചേരിയിലുമാണ് മറത്തുകളി.
മയ്യിച്ച വെങ്ങാട്ട് ഭഗവതി ക്ഷേത്രവും പള്ളിക്കര പാലേരെകീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രവും തമ്മിൽ ഏഴ്, ഒൻപത് തീയതികളിൽ നടക്കുന്ന മറത്തുകളിയിൽ അണ്ടോൾ നകുലൻ പണിക്കരും പാണപ്പുഴ പത്മനാഭൻ പണിക്കരും മത്സരിക്കും. മയ്യിച്ച ക്ഷേത്രത്തിൽ എട്ടിന് പുലിയന്നൂർ കാളിക്ഷേത്രവുമായുള്ള മറത്തുകളി അരങ്ങേറും. പിലിക്കോട് വേങ്ങാക്കോട് ക്ഷേത്രവും തൃക്കരിപ്പൂർ കണ്ണമംഗലം കഴകവും തമ്മിലുള്ള മറത്തുകളി അഞ്ച്, എഴ് തീയതികളിൽ നടക്കും. സുധാകരൻ പണിക്കരും പ്രമോദ് പണിക്കരും തമ്മിലാണ് കളി. പള്ളിക്കര കേണമംഗലം കഴകത്തിലെ കാനക്കിൽ കമലാക്ഷൻ പണിക്കരും മോനാച്ച ക്ഷേത്രത്തിലെ പി.ടി. മോഹനൻ പണിക്കരും ആറ് എട്ട് തീയ്യതികളിലായി മറത്തു കളി നടക്കും.