പഴശ്ശി പദ്ധതി പാതിയിൽ തന്നെ, കൃഷിയിടങ്ങളും ഉണങ്ങിത്തുടങ്ങി...
കണ്ണൂർ: പഴശ്ശി കനാലിൽ വെള്ളമെത്താത്തതിനെ തുടർന്ന് പദ്ധതി വഴി ജലം ലഭിക്കേണ്ട കൃഷിയിടങ്ങൾ വരണ്ടുതുടങ്ങി. തോടുകളും ജലസ്രോതസ്സുകളും വറ്റി ജലവിതരണ മാർഗങ്ങൾ ഇല്ലാതായ സ്ഥിതിയിൽ കടുത്ത വരൾച്ചയെ അഭിമുഖീകരിക്കുകയാണ് ജില്ല.
പദ്ധതി കടന്നു പോകുന്ന പ്രദേശങ്ങളിലെ പ്രധാന ആശ്വാസമായിരുന്നു പഴശ്ശി കനാൽ. ജില്ലയിലെ കാർഷിക വിഭവ ഉത്പാദനത്തിൽ വലിയ പങ്ക് വഹിക്കുന്ന അഞ്ചരക്കണ്ടിയെയാണ് പ്രശ്നം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. പൊതുവെ വേനലിൽ ജലക്ഷാമം നേരിടാറുണ്ടെങ്കിലും ഇത്തവണ അതികഠിനമായതിന്റെ ആശങ്കയിലാണ് മേഖലയിലെ കൃഷിക്കാർ. കൃഷിയിടങ്ങളിലേക്കുള്ള ജലവിതരണ മാർഗങ്ങളെല്ലാം വറ്റി വരണ്ടു. പഴശ്ശി കനാൽ വഴി ജല വിതരണമുണ്ടാരുന്നപ്പോൾ ഇത്തരം ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ലെന്നാണ് ജനങ്ങൾ പറയുന്നത്. എന്നാൽ പഴശ്ശി കനാൽ വറ്റി വരണ്ടത് പ്രദേശത്തെ കൃഷിയിടങ്ങളിലെ ഉത്പാദനത്തെ സാരമായി ബാധിച്ചു. കനാൽ വഴിയുള്ള ജലവിതരണം പുനർസ്ഥാപിക്കുകയല്ലാതെ മറ്റു പോംവഴിയില്ലെന്നാണ് പ്രദേശത്തെ കർഷകരുടെ അഭിപ്രായം.
പ്രതീക്ഷയ്ക് വകയുണ്ട്
സമാനമായ പ്രശ്നമായിരുന്നു പറശ്ശിനിക്കടവ് പ്രദേശത്തും.എന്നാൽ പ്രധാന കനാൽ വഴി പറശ്ശിനിക്കടവ് ഭാഗത്തേക്കുള്ള ജലവിതരണം പുനരാരംഭിച്ചത് കർഷകർക്ക് ഉൾപ്പടെ ആശ്വാസമേകി. കനാൽ നവികരിച്ച ശേഷം പരീക്ഷണാടിസ്ഥാനത്തിൽ അഞ്ചരക്കണ്ടി ഭേഗത്തേക്കുള്ള ജലവിതരണം നടത്തിയപ്പോൾ ഒന്നിൽ കൂടുതൽ ഭാഗങ്ങളിൽ ചോർച്ച ഉണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിനായാണ് ജലവിതരണം നിർത്തിയത്.
28 വർഷത്തിന് ശേഷം പഴശ്ശി മാഹി കനാൽ വഴി വെള്ളമെത്തിയതും ശുഭപ്രതീക്ഷയുണർത്തിയിരുന്നു. കാൽ നൂറ്റാണ്ടിന് ശേഷം ജനുവരി 31നാണ് കനാലിൽ വെള്ളം വന്നത്. ആദ്യദിവസം 7.700 കിലോമീറ്റർ വെള്ളമെത്തി ഫെബ്രുവരി 16 ആകുമ്പോഴേക്കും കനാലിന്റെ അറ്റം വരെയും വെള്ളമെത്തി.ഈ വർഷം ബഡ്ജറ്റിൽ 13 കോടി രൂപകൂടി പഴശ്ശി പദ്ധതി കനാൽ ബലപ്പെടുത്തുന്ന പ്രവൃത്തികൾക്കായി സംസ്ഥാന സർക്കാർ നീക്കിയിട്ടുണ്ട്.
16500 ഹെക്ടർ പാട ശേഖരങ്ങളെ നനയ്ക്കും
ജില്ലയിലെ നാല് താലൂക്കുകളിലായി 16500 ഹെക്ടർ പാട ശേഖരത്തിലേക്കും കൃഷിയിടങ്ങളിലേക്കും ആവശ്യമായ ജലവിതരണം കൂടിയാണ് പഴശ്ശി പദ്ധതി ലക്ഷ്യമിട്ടത്. കനാലുകൾ വഴി വെള്ളമൊഴുകുമ്പോൾ പരിസര പ്രദേശങ്ങളിലെ ജലസ്രോതസ്സുകളിലേക്ക് നീരുറവ എത്തുകയും ജലക്ഷാമം പരിഹരിക്കപ്പെടുമെന്നുമാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.
അഞ്ചരക്കണ്ടി, മൈലാടി, കുഴുമ്പിലോട്ട്മെട്ട ഭാഗങ്ങളിൽ ഉണ്ടായ ചോർച്ച കാരണമാണ് അഞ്ചരക്കണ്ടി ഭാഗത്തേക്കുള്ള ജലവിതരണം തടസ്സപ്പെട്ടത്. ഇത് എത്രയും പെട്ടന്ന് പരിഹരിക്കാനുള്ള പ്രവർത്തനങ്ങളും ചെയ്യും - പഴശ്ശി പദ്ധതി അധികൃതർ