തോട്ടപ്പള്ളി പൊഴിമുഖത്തെ മണൽ നീക്കം ചെയ്യും
ആലപ്പുഴ: മൺസൂൺ മഴയ്ക്ക് മുന്നോടിയായി, തോട്ടപ്പള്ളി പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽ നീക്കി നീരൊഴുക്ക് സുഗമമാക്കാൻ നടപടി സ്വീകരിക്കും. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിർവഹിക്കേണ്ട ചുമതലകൾ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ അലക്സ് വർഗീസാണ് ഇറിഗേഷൻ വകുപ്പിന് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്.
തണ്ണീർമുക്കം തോട്ടപ്പള്ളി എന്നിവിടങ്ങളിലെ ഷട്ടറുകൾ യഥാസമയം തുറക്കുന്നതിനും ആവശ്യമുള്ള ഘട്ടത്തിൽ റെഗുലേറ്റ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. ഓരു മുട്ടുകൾ മഴക്കാലത്തിനു മുന്നോടിയായി നീക്കം ചെയ്യും.പാലങ്ങളുടെ അടിയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കംചെയ്യുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകി.
നാഷണൽ ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായുള്ള വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിനായി മോട്ടോർ പമ്പ് സെറ്റുകൾ ഉൾപ്പെടെയുള്ള എല്ലാ സംവിധാനങ്ങളും മുൻകൂറായി സജ്ജമാക്കാൻ ദേശീയപാത അതോറിട്ടിക്ക് നിർദ്ദേശം നൽകി.
ബോർഡുകൾ നീക്കണം
ഫ്ലക്സുകൾ,കാലാവധി കഴിഞ്ഞ ബോർഡുകൾ,ബാനറുകൾ,കട്ടൗട്ടുകൾ തുടങ്ങിയവ നീക്കം ചെയ്യണം. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിനുള്ള സംവിധാനങ്ങൾ മുൻകൂട്ടി സജ്ജമാക്കണം
തകരാറിലായ ട്രാൻസ്ഫോർമറുകൾ,വൈദ്യുത ലൈനുകൾ, പോസ്റ്റുകൾ മുതലായവ അടിയന്തരമായി നന്നാക്കണം
മഴയ്ക്ക് മുമ്പായി പാടശേഖരങ്ങളുടെ പുറംബണ്ടുകൾ ബലപ്പെടുത്തണം