ലഹരിയിലേക്ക് വീഴാതിരിക്കാൻ കരുതലുമായി പൊലീസ്

Friday 04 April 2025 1:44 AM IST

ആലപ്പുഴ : ജില്ലയിൽ ലഹരി, പോക്‌സോ കേസുകളുടെ ക്രമാതീതമായ വർദ്ധനവിന് തടയിടാൻ പ്രതിരോധ പ്രവർത്തനങ്ങൾ മാതാപിതാക്കളിൽ നിന്നാരംഭിക്കുന്നു. മക്കളുടെ വഴിതെറ്റിയ യാത്ര അവസാനിപ്പിക്കാനാകാതെ പകച്ചുനിൽക്കുന്ന രക്ഷിതാക്കൾക്ക് 'പേരന്റിംഗ്' എങ്ങനെ വേണം എന്ന അടിസ്ഥാന പാഠമുൾപ്പടെയുള്ള ബോധവത്ക്കരണം വാർഡുകൾ കേന്ദ്രീകരിച്ച് എത്തിക്കാനുള്ള ശ്രമങ്ങൾക്കാണ് ജില്ലാ പൊലീസ് മേധാവിക്ക് കീഴിലുള്ള വനിതാ അഡ്വൈസറി ബോർഡിന്റെ നേതൃത്വത്തിൽ തുടക്കമിടുക.

ജില്ലയിലെ ആദ്യ ബോധവത്ക്കരണ ക്ലാസ് ഞായറാഴ്ച്ച രാവിലെ 10ന് ആലപ്പുഴ നഗരസഭാ പരിധിയിലെ പള്ളാത്തുരുത്തി വാ‌ർഡിൽ നടക്കും. ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളും, പൊലീസ് ഉദ്യോഗസ്ഥരും രക്ഷിതാക്കളുമായി സംസാരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ക്ലാസുകൾ വ്യാപിപ്പിക്കും.

വാർഡ്തല ബോധവത്ക്കരണത്തിന് തുടക്കം

1. ലഹരി, പ്രണയക്കെണികളിൽപ്പെടുന്ന പെൺകുട്ടികളിൽ 99ശതമാനം പേരും അമ്മമാരുടെ മൊബൈൽഫോൺ ഉപയോഗിച്ചാണ് കെണിയിൽ ചാടുന്നത്

2. ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾക്ക് മുന്നിലെത്തുന്ന കൗമാരക്കാരിൽ നല്ലൊരുശതമാനം സ്വന്തംവീടുകളിൽ സുരക്ഷിതത്വബോധം അനുഭവപ്പെടാത്തവർ

3. അടുത്തിടെ ജില്ലയിൽ ആത്മഹത്യചെയ്ത കൗമാരക്കാരിൽ വലിയൊരു ശതമാനവും നിസ്സാര കാര്യങ്ങളുടെ പേരിലാണ് ജീവിതം അവസാനിപ്പിച്ചത്

4. വിജയത്തിലെന്ന പോലെ തോൽവിയിലും മക്കളെ ചേർത്തുനിർത്താൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ക്ളിനിക്കൽ സൈക്കോളജിസ്റ്റുകൾ

5. ലഹരിക്കടിമപ്പെട്ട് കൗൺസലിംഗ് തേടിവരുന്ന പലരും ചേർത്തുനിർത്തിയുള്ള ഒരുതലോടലിൽ പോലും പൊട്ടിക്കരയുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്

കെണി വന്ന വഴികൾ

 അമിത സ്വാതന്ത്ര്യം

 സിന്തറ്റിക്ക് ലഹരിയുടെ ലഭ്യത

 കായികാഭ്യാസത്തിനുള്ള സാഹചര്യങ്ങളില്ല

 കളിക്കളങ്ങളില്ല

 ഗാർഹിക പ്രശ്‌നങ്ങൾ

സ്വന്തം മക്കളെ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെന്ന് പറഞ്ഞ് വാവിട്ട് കരയുന്ന അമ്മമാരെ കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് കുട്ടികളെ രക്ഷിക്കുന്നതിന് ആദ്യ പാഠം മാതാപിതാക്കൾക്ക് നൽകാനുദ്ദേശിക്കുന്നത്. കൃത്യമായ മൊഡ്യൂൾ തയ്യാറാക്കിയാകും രക്ഷിതാക്കളിലേക്ക് നേരിട്ടെത്തുക

- മോൾജി റഷീദ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്