മാലിന്യം വലിച്ചെറിയുമ്പോൾ കുരുക്കാൻ വാട്ട്സാപ്പുണ്ട് !

Friday 04 April 2025 12:44 AM IST

ആലപ്പുഴ : മാലിന്യം വലിച്ചെറിയുന്നവരെ കൈയോടെ പൊക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് ആരംഭിച്ച വാട്സാപ്പ് സംവിധാനത്തിന് മികച്ച പ്രതികരണം. അഞ്ച് മാസത്തിനിടെ സംസ്ഥാനത്ത് മൂവായിരത്തിലധികം നിയമലംഘകരെയാണ് വാട്സാപ്പ് വലയിൽ കുരുക്കിയത്. പിഴ ഇനത്തിൽ പതിനൊന്ന് ലക്ഷത്തോളം രൂപ ഖജനാവിലുമെത്തി.

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുക, കത്തിക്കുക, ജലാശയങ്ങളിൽ ഒഴുക്കിവിടുക തുടങ്ങിയവ കണ്ടെത്താൻ കഴിഞ്ഞ സെപ്തംബർ 21നാണ് 9446700800 എന്ന വാട്സാപ്പ് നമ്പർ പ്രഖ്യാപിച്ചത്. അയ്യായിരത്തിലധികം പരാതികൾ വീഡിയോകളും ചിത്രങ്ങളുമായി ഇതിനകം ലഭിച്ചു. ആകെ ലഭിച്ചതിന്റെ 61.75ശതമാനം പരാതികളും സ്വീകരിച്ചു. ഇതിൽ 2795 എണ്ണത്തിൽ നടപടിയെടുത്തു. മാലിന്യമുക്തം നവകേരളം പ്രചാരണത്തിന് ഇൻഫർമേഷൻ കേരള മിഷന്റെ സാങ്കേതിക പിന്തുണയോടെ ശുചിത്വമിഷനാണ് പദ്ധതി നടപ്പാക്കിയത്. വാട്‌സ് ആപ്പിൽ ലഭിക്കുന്ന പരാതികൾ ലൊക്കേഷൻ മനസിലാക്കി തദ്ദേശസ്ഥാപനത്തിന് കൈമാറുന്ന സാങ്കേതികസംവിധാനമാണ് ഇൻഫർമേഷൻ കേരള മിഷൻ തയ്യാറാക്കിയത്.

കുടുങ്ങിയത് മൂവായിരത്തോളം പേർ

 പരാതി ലഭിച്ചാൽ 7ദിവസത്തിനകം നടപടി വേണം

 വ്യക്തിയെ തിരിച്ചറിയാവും വിധം വേണം വീഡിയോയോ ചിത്രമോ അയക്കേണ്ടത്

 സംസ്ഥാനത്ത് ഇതുവരെ ചുമത്തിയ പിഴ 22,55,830 രൂപയാണ്

 10,99,850 രൂപയാണ് ഇതുവരെ പിഴയായി ഈടാക്കിയത്

 17പേർക്കെതിരെ പ്രോസിക്യൂഷൻ നടപടി പുരോഗമിക്കുന്നു

 തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങളില്ലാതെ 1686 പരാതികൾ നിരസിച്ചു

 24പരാതിക്കാർക്കായി 29,750 രൂപ പാരിതോഷികം പ്രഖ്യാപിച്ചു

25ശതമാനം പാരിതോഷികം

നിയമലംഘനം കണ്ടെത്തിയാൽ ഈടാക്കുന്ന തുകയുടെ 25 ശതമാനമാണ് പരാതിക്കാർക്ക് ലഭ്യമാക്കുന്നത്. മലിനീകരണം നടത്തുന്നവരുടെ പേര്, വാഹനനമ്പർ, ഒപ്പം ഫോട്ടോകളും ലൊക്കേഷൻ വിശദാംശങ്ങളും സഹിതം പരാതി അറിയിക്കാം.

ആലപ്പുഴയിൽ ലഭിച്ച പരാതികൾ

286

നടപടി പൂർത്തിയാക്കിയ പരാതികൾ

163

പരാതി അയക്കേണ്ട വാട്സാപ്പ് നമ്പർ: 9446700800