അന്യസംസ്ഥാന തൊഴിലാളികളുടെ രേഖ കൃത്യമായില്ല: ബംഗാളികളല്ല, അധികവും ബംഗ്ളാദേശികൾ
നീലേശ്വരം: സംസ്ഥാനത്ത് അന്യ സംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ട കുറ്റകൃത്യങ്ങൾ വർദ്ധിക്കുമ്പോഴും അതത് പൊലീസ് സ്റ്റേഷനുകളിൽ ഇവരുടെ വിവരശേഖരണത്തിൽ കൃത്യതയില്ല. കൃത്യമായ വിവരശേഖരണത്തിനായുള്ള തീവ്രയജ്ഞവുമായി തൊഴിൽ വകുപ്പ് 2013 മുതൽ രംഗത്തുണ്ടെങ്കിലും അതിഥി പോർട്ടൽ വഴിയുള്ള രജിസ്ട്രേഷൻ നടപടികൾ ഇപ്പോഴും പൂർത്തിയായിട്ടില്ല.
കരാറുകാർ, തൊഴിലുടമകൾ എന്നിവർ കൃത്യമായി വിവരങ്ങൾ നൽകാത്തതാണ് കാരണമെന്നാണ് തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. അന്യസംസ്ഥാനതൊഴിലാളി രജിസ്ട്രേഷൻ സമ്പൂർണമാക്കാൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്ന് തൊഴിൽവകുപ്പ് നിർദേശിച്ചിരുന്നു. ആവശ്യമെങ്കിൽ മറ്റുവകുപ്പുകളുടെ കൂടെ സഹകരണത്തോടെ കൂടുതൽ ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവർത്തകരെയും ഉൾപ്പെടുത്തി രജിസ്ട്രേഷൻ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നായിരുന്നു തൊഴിൽവകുപ്പ് മന്ത്രി നൽകിയ നിർദ്ദേശം. എന്നാൽ മന്ത്രിയുടെ നിർദ്ദേശം ഉദ്യോഗസ്ഥ തലത്തിൽ വേണ്ടത്ര ഏശിയില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തൊട്ടാകെയുള്ള തൊഴിൽ വകുപ്പ് ഓഫീസുകളിലും വർക്ക് സൈറ്റുകളിലും ലേബർക്യാമ്പുകളിലും ആവശ്യമായ സൗകര്യമൊരുക്കി രജിസ്ട്രേഷൻ നടപടികൾ ഊർജ്ജിതമാക്കണമെന്ന നിർദേശം ലക്ഷ്യം കണ്ടില്ല.
കാസർകോട് രജിസ്റ്റർ ചെയ്തത് 12000 പേർകാസർകോട് ജില്ലയിൽ ഇതുവരെ 12000 ഓളം പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കാസർകോട്, ഹൊസ്ദുർഗ് അസിസ്റ്റന്റ് ലേബർ ഓഫീസർമാർ, രജിസ്ട്രേഷനായി നിയോഗിച്ച ഏജൻസിയായ ചിയാക് എന്നിവരാണ് രജിസ്ട്രേഷൻ നടത്തുന്നത്. ലേബർ ഓഫീസുകൾ വഴി ആറായിരത്തോളം രജിസ്ട്രേഷൻ നടത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ജില്ലയിൽ ഇതിലും എത്രയോ ഇരട്ടി അന്യസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. നിരോധിത പുകയില ഉത്പന്നങ്ങൾ മുതൽ മയക്കുമരുന്ന് കടത്തു വരെ നടത്തുന്നതിൽ ഒരുവിഭാഗം അന്യസംസ്ഥാനത്തു നിന്നെത്തുന്നവരാണെന്ന് എക്സൈസ് വകുപ്പിന്റെ കണക്കും സൂചിപ്പിക്കുന്നു.
നുഴഞ്ഞുകയറ്റക്കാരെ സ്വീകരിക്കാൻ ഏജൻസികളും
അന്യസംസ്ഥാന തൊഴിലാളികളെ പൊതുവിൽ ബംഗാളി എന്ന് പറയാറുണ്ടെങ്കിലും ഇവരിൽ പലരും ബംഗ്ലാദേശിൽ നിന്ന് ബംഗാളിലേക്ക് നുഴഞ്ഞ് കയറിയവരാണ്. ഇങ്ങിനെ നുഴഞ്ഞ് കയറുന്നവരെ ബംഗാളിൽ സ്വീകരിക്കാൻ പ്രത്യേക ഏജന്റുമാരുണ്ട്.ഇതെ ഏജന്റുമാരാണ് നുഴഞ്ഞ് കയറുന്നവർക്ക് വ്യാജ ആധാർ കാർഡും മറ്റ് രേഖകളും സംഘടിപ്പിച്ച് കൊടുത്ത് ഒരു മാസത്തോളം ബംഗാളിൽ താമസിപ്പിച്ച് പിന്നീട് കേരളത്തിലേക്ക് കയറ്റി വിടുന്നത്. കേരളത്തിലെത്തിയാലും ഇവരെ തൊഴിൽ മേഖലകളിലേക്ക് പറഞ്ഞു വിടാൻ പ്രത്യേക ഏജന്റുമാരുണ്ട്.കുറ്റകൃത്യങ്ങളിലേർപ്പെട്ട് സ്ഥലം വിട്ടുകഴിയുമ്പോഴാണ് ഇത്തരക്കാരെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിക്കുന്നത്. ഈ സമയം കൊണ്ട് ഇവർ തിരിച്ച് ബംഗ്ളാദേശിലേക്ക് കടക്കാറാണ് പതിവ്.