മഹേഷ് നാരായണൻ, അരുൺ വർമ്മ ചിത്രങ്ങൾ ; ഡേറ്റ് ക്ളാഷിൽ ചാക്കോച്ചൻ
മഹേഷ് നാരായണൻ, അരുൺ വർമ്മ ചിത്രങ്ങളുടെ ഡേറ്റ് ക്ളാഷിൽ കുഞ്ചാക്കോ ബോബൻ. അരുൺവർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ എന്ന ചിത്രം കുഞ്ചാക്കോ ബോബനെ നായകനാക്കിയാണ് പ്രഖ്യാപിച്ചത്. ബേബി ഗേളിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ആരംഭിക്കുകയും ചെയ്തു. എന്നാൽ, മഹേഷ് നാരായണന്റെ ചിത്രവുമായി ഡേറ്റ് ക്ളാഷ് വന്നിരിക്കുകയാണ് ഇപ്പോൾ. മഹേഷ് നാരായണൻ ചിത്രത്തിന്റെ തുടർ ചിത്രീകരണം ഏപ്രിൽ 6ന് എറണാകുളത്ത് ആരംഭിക്കും. മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവർ പങ്കെടുക്കുന്ന കോമ്പിനേഷൻ സീനുകളാണ് ചിത്രീകരിക്കേണ്ടത്. രണ്ടാഴ്ചയ്ക്കുശേഷം മമ്മൂട്ടിയും ജോയിൻ ചെയ്യും. ഏകദേശം ഒരുമാസത്തെ ചിത്രീകരണം കൊച്ചിയിലുണ്ട്. ബേബി ഗേളിൽ കുഞ്ചാക്കോ ബോബന് പകരം നിവിൻ പോളിയെ പരിഗണിക്കുന്നതായാണ് വിവരം. എന്നാൽ, കുഞ്ചാക്കോ ബോബനു വേണ്ടി കാത്തിരിക്കുകയാണെന്നും മാറ്റം സംഭവിക്കാൻ സാദ്ധ്യത കുറവാണെന്നും സൂചനയുണ്ട്. ചാക്കോച്ചന്റെ ഡേറ്റ് ക്ളാഷ് എങ്ങനെ പരിഹരിക്കാം എന്ന ആലോചന നടക്കുന്നുണ്ട്. ഓഫീസർ ഓൺ ഡ്യൂട്ടിയുടെ മികച്ച വിജയത്തിനു ശേഷം കുഞ്ചാക്കോ ബോബന്റേതായി ചിത്രീകരണം ആരംഭിക്കാൻ തീരുമാനിച്ച ചിത്രമാണ് ബേബി ഗേൾ .ലിജോ മോൾ, സംഗീത് പ്രതാപ്, അഭിമന്യു എസ്. തിലകൻ എന്നിവരാണ് മറ്റ് താരങ്ങൾ. സുരേഷ് ഗോപി, ബിജു മേനോൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ഗരുഡൻ എന്ന ഹിറ്റ് ചിത്രത്തിനുശേഷം അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മാണം.