അഭയകേന്ദ്രത്തിലെത്തി ഗർഭിണിയായ ഭാര്യയെ ആക്രമിച്ച ഭർത്താവ് പിടിയിൽ
തിരുവനന്തപുരം:കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവൃത്തിക്കുന്ന സംരക്ഷണ കേന്ദ്രത്തിലെത്തി ഗർഭിണിയായ ഭാര്യയെ ഉപദ്രവിച്ച ഭർത്താവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.പൂഴിക്കുന്ന് ചെങ്കൽ ബിവിൻ ഭവനിൽ ബിവിനാണ് (32) പിടിയിലായത്.സ്ഥിരമായി മദ്യപിച്ചെത്തി ആക്രമിക്കുന്നെന്ന പരാതിയിലാണ് നഗരൂർ സ്വദേശിയായ യുവതിയെ മുട്ടടയിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണകേന്ദ്രമായ 'സ്നേഹിത"യിൽ പാർപ്പിച്ചിരുന്നത്.കൗൺസിലിംഗിനായി ബിവിനെയും വീട്ടുകാരെയും വിളിച്ചുവരുത്തിയപ്പോഴായിരുന്നു ഇയാളുടെ അതിക്രമം.ഇയാൾ അക്രമാസക്തനായതോടെ സ്നേഹിത അധികൃതർ തടഞ്ഞുവച്ച് പൊലീസിനെ അറിയിച്ചെങ്കിലും ഇയാൾ പുറത്തുകടന്ന് സ്ഥലംവിട്ടു.പൊലീസ് വന്നുപോയതിന് ശേഷം വീണ്ടുമെത്തിയ ഇയാൾ ഭാര്യയെയും സ്വന്തം മാതാപിതാക്കളെയും ആക്രമിച്ചു.സംരക്ഷണ കേന്ദ്രത്തിന്റെ വാതിലും ജനലുകളും കെട്ടിടത്തിലെ സാധനങ്ങളും തല്ലിത്തകർത്തു.തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. 6 മാസം മുമ്പാണ് ഇവർ വിവാഹിതരായത്.