വിദേശത്താണ് , മുൻകൂട്ടി അറിയിച്ചു ചർച്ചയ്‌ക്കെത്താത്തതിൽ വിശദീകരണവുമായി പ്രിയങ്ക
ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ ചർച്ചയ്‌ക്കായി ലോക്‌സഭയിൽ എത്താത്തതിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എം.പി. വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിദേശത്താണെന്നാണ് പ്രതികരണം. ക്യാൻസർ ബാധിച്ച ബന്ധുവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് വിദേശത്താണ്. യാത്രയുടെ കാരണം കോൺഗ്രസ് അദ്ധ്യക്ഷനെയും ലോക്‌സഭാ സ്‌പീക്കറെയും അറിയിച്ചിരുന്നു. ചർച്ചയിലും വോട്ടെടുപ്പിലും പ്രിയങ്കയുടെ അസാന്നിദ്ധ്യം ചർച്ചയായിരുന്നു. യാത്ര തീരുമാനിച്ചപ്പോൾ വഖഫ് ഭേദഗതി ബിൽ ഉടൻ കൊണ്ടുവരുമെന്ന് സൂചനയില്ലായിരുന്നുവെന്നാണ് അനൗദ്യോഗിക വിശദീകരണം. എന്നാൽ പ്രിയങ്ക ഡൽഹിയിൽ തന്നെ ഉണ്ടായിരുന്നെന്നും ഒരു വിരുന്നിൽ പങ്കെടുത്തെന്നുമുള്ള അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഇതോടെയാണ് വിശദീകരണവുമായി രംഗത്തെത്തിയത്. ലോക്‌സഭയിൽ ഉണ്ടായിട്ടും പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി ചർച്ചയിൽ പങ്കെടുക്കാത്തതും വിവാദമായിരുന്നു. ബില്ലിനെ അനുകൂലിച്ച് 288 അംഗങ്ങളും, എതിർത്ത് 232 പേരുമാണ് വോട്ടു ചെയ്‌തത്. ഇതോടെയാണ് ബിൽ ലോക്‌സഭ കടന്നത്.