ബംഗാളിലെ 24000ൽപ്പരം നിയമനങ്ങൾ റദ്ദാക്കിയത് ശരിവച്ചു
Friday 04 April 2025 12:35 AM IST
ന്യൂഡൽഹി: പശ്ചിമബംഗാളിൽ ജോലിക്ക് കോഴ ആരോപണമുയർന്ന 24000ൽപ്പരം അദ്ധ്യാപക - അദ്ധ്യാപകേതര നിയമനങ്ങൾ റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതി നടപടി സുപ്രീംകോടതി ശരിവച്ചു. മമത സർക്കാരിന്റെ അപ്പീൽ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി.വി. സഞ്ജീവ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് തള്ളി. ക്രമക്കേടും തട്ടിപ്പും നടത്തിയാണ് നിയമനങ്ങളെന്ന് കോടതി വിലയിരുത്തി. വസ്‌തുതകൾ പരിശോധിച്ചു. ബംഗാൾ സർക്കാരിന്റെ ഹർജിയിൽ ഇടപെടാൻ കാരണങ്ങളില്ല. നിയമനം നേടിയവർ ഇതുവരെ സ്വീകരിച്ച ശമ്പളം തിരിച്ചു കൊടുക്കേണ്ടതില്ലെന്നും വ്യക്തത വരുത്തി. 2016ലെ ബംഗാൾ സ്കൂൾ സർവീസ് കമ്മിഷൻ റിക്രൂട്ട്മെന്റ് മുഖേന നിയമനം നേടിയവർക്കാണ് കൽക്കട്ട ഹൈക്കോടതിയിൽ വൻ തിരിച്ചടിയേറ്റിരുന്നത്.