അംഹ ന്യൂറോ റീഹാബ് സെന്റർ തുറന്നു

Friday 04 April 2025 12:37 AM IST

തൃശൂർ: ഓട്ടിസം ബാധിതരെ പൊതുസമൂഹത്തിലേക്ക് കൊണ്ടുവരണമെന്നും ഇതിനുവേണ്ടി എല്ലാ ഭാഗത്തുനിന്നും പിന്തുണയും മുന്നേറ്റവും ഉണ്ടാകണമെന്നും കളക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു. തൈക്കാട്ടുശ്ശേരി ചെറുശ്ശേരിയിൽ അംഹ ന്യൂറോ റീഹാബ് സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ. അംഹ പ്രസിഡന്റ് ലോലാ രാമചന്ദ്രൻ അധ്യക്ഷയായി. ഓട്ടിസം അവബോധ ദിനാചരണം സംസ്ഥാന ഭിന്നശേഷി കമ്മിഷണർ ഡോ. പി.ടി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. സി.എസ്.ആർ ഫണ്ടുപയോഗിച്ച് നടത്തിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. അംഹ സാരഥി പ്രൊഫ. പി.ഭാനുമതിയെക്കുറിച്ച് കെ.വി.സുമംഗല എഴുതിയ 'ഭാനുമതി അംഹയുടെ കഥ' എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം കളക്ടർ, കവി പി.എൻ.ഗോപീകൃഷ്ണന് നൽകി നിർവഹിച്ചു.

സൗത്ത് ഇന്ത്യൻ ബാങ്ക് ജോയിന്റ് ജനറൽ മാനേജർ വി.ആർ.രേഖ, കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ.സനിൽ, വല്ലച്ചിറ പഞ്ചായത്ത് പ്രസിഡന്റ് മനോജ് എന്നിവർ പ്രസംഗിച്ചു. അംഹയുടെ നാൾവഴികളിൽ ഒപ്പം നിന്ന ജേക്കബ് പൗലോസ്, ജി.അനൂപ്, അനന്ത്, ജെയ്‌സൻ ദേവസി, കെ.ബി.ഗണേഷ് എന്നിവരെയും അംഹ ന്യൂറോ റിഹാബ് സെന്ററിനു വേണ്ടി ചെറുശ്ശേരിയിൽ സൗജന്യമായി ഭൂമി ദാനം ചെയ്ത പ്രഭാവതിയെയും കുടുംബത്തെയും ആദരിച്ചു.