വിദ്യാർത്ഥികൾ 'മുഖാമുഖം മീറ്റ് ദി കളക്ടർ'

Friday 04 April 2025 12:39 AM IST

തൃശൂർ: കളക്ടർ അർജുൻ പാണ്ഡ്യൻ നടത്തുന്ന 'മുഖാമുഖം മീറ്റ് ദി കളക്ടർ' പരിപാടിയുടെ മുപ്പതാം അദ്ധ്യായത്തിൽ എസ്.എസ്.എൽ.സി പരീക്ഷാ വിശേഷങ്ങളുമായി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പീച്ചിയിലെ പത്താം ക്ലാസ് വിദ്യാർത്ഥികളും അദ്ധ്യാപകരും അതിഥികളായെത്തി. കളക്ടർ അവരുടെ പരീക്ഷാ അനുഭവങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു. പരീക്ഷാ സമ്മർദ്ദങ്ങളെല്ലാം മാറി വേനലവധി ഫലപ്രദമായി ഉപയോഗിക്കുമെന്ന് കുട്ടികൾ പറഞ്ഞു. വിദ്യാർത്ഥികളുടെ തുടർപഠന ലക്ഷ്യങ്ങളും സിവിൽ സർവ്വീസ് പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചും കളക്ടറോട് ചോദിച്ചറിഞ്ഞു. സൂര്യനന്ദന എന്ന വിദ്യാർത്ഥിനി താൻ സ്വയം നിർമ്മിച്ച നെറ്റിപ്പട്ടം കളക്ടർക്ക് കൈമാറി. വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും കളക്ടർ വിതരണം ചെയ്തു. 21 വിദ്യാർത്ഥികളോടൊപ്പം അദ്ധ്യാപികമാരായ സി. രേഖ രവീന്ദ്രൻ, ജോയ്‌സി റോജ, എം.എസ്.സജിത, കെ.ആർ.രതുല്യ എന്നിവരും പങ്കെടുത്തു.