നഷ്ടപരിഹാരം നൽകാൻ വിധി
Friday 04 April 2025 12:46 AM IST
തൃശൂർ: ടൈൽ വിരിച്ചതിലെ അപാകതകൾ ചോദ്യം ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ പഴുവിൽ വെസ്റ്റിലെ തോട്ടുപുര വീട്ടിൽ ടി.ബി.നന്ദൻ ടൈൽനിർമ്മാണ കരാറുകാരനെതിരെ നൽകിയ ഹർജിയിലാണ് നഷ്ടപരിഹാരമായി 25000 രൂപയും ചെലവിലേക്ക് 5000 രൂപയും നൽകാൻ ഉത്തരവിട്ടത്. യഥാസമയം പണികൾ പൂർത്തിയാക്കിയില്ലെന്ന് മാത്രമല്ല പണികൾ ചെയ്തതിൽ അപാകതകളുമുണ്ടായിരുന്നു. ടൈൽ വിരി ഏറ്റെടുത്തിട്ടില്ലെന്നും ടൈൽ വിൽപ്പന നടത്തുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു കരാറുകാരന്റെ വാദം. മൊഴികൾ വിശ്വസനീയമല്ലെന്ന് കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡന്റ് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാംമോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് നഷ്ടപരിഹാരം നൽകുവാൻ വിധിക്കുകയായിരുന്നു. ഹർജിക്കാരന്വേണ്ടി അഡ്വ.എ.ഡി.ബെന്നി ഹാജരായി.