കളമെഴുത്തു പാട്ടിനെ അറിഞ്ഞ് വിദ്യാർത്ഥികൾ

Friday 04 April 2025 12:47 AM IST

തൃശൂർ: അനുഷ്ഠാന കലയായ കളമെഴുത്ത് പാട്ടിനെ നേരിൽ കണ്ടറിഞ്ഞ് തൃശൂർ ചിന്മയ മിഷൻ ബാല വിഹാർ വിദ്യാർത്ഥികൾ. സ്‌കൂളിൽ നടക്കുന്ന 'ജ്യോതിർഗമയ2025' ത്രിദിന ക്യാമ്പിലാണ് കുട്ടികൾ കളംപാട്ടിനെ കണ്ടറിഞ്ഞത്. അന്യമാകുന്ന അനുഷ്ഠാന കലകളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ശില്പശാല നടത്തിയത്. കേരള ഫോക് ലോർ അക്കാഡമി പുരസ്‌കാര ജേതാവും, കളംപാട്ട് കലാകാരനുമായ കടന്നമണ്ണ ശ്രീനിവാസനാണ് ശില്പശാല നയിച്ചത്. കളമെഴുത്തു പാട്ടിന്റെ ചടങ്ങുകൾ, ഐതിഹ്യങ്ങൾ, അനുഷ്ഠാനങ്ങൾ, വർണ്ണപ്പൊടികളുടെ നിർമ്മാണ രീതി തുടങ്ങി വിശദമായ സോദോഹരണ പ്രഭാഷണവും നന്ദുണി ഉപയോഗിച്ച് കളംപാട്ട് പാടിയുമാണ് കലയെ പരിചയപ്പെടുത്തിയത്. ശ്രീനിവാസന്റെ 251ാം കളംപാട്ട് ശില്പശാലയാണ് സ്‌കൂളിൽ നടന്നത്. ആചാര്യൻ സ്വാമി ഗഭീരാനന്ദ , ബാലവിഹാർ സേവികമാരും ഇരുനൂറോളം കുട്ടികളും പങ്കെടുത്തു.