ചൈനയിലെ യു.എസ് ഉദ്യോഗസ്ഥരോട് ട്രംപ് ഭരണകൂടം: ചൈനീസ് പൗരന്മാരുമായി പ്രണയം വേണ്ട
വാഷിംഗ്ടൺ: ചൈനീസ് പൗരന്മാരുമായി പ്രണയമോ ലൈംഗിക ബന്ധമോ പാടില്ലെന്ന് ചൈനയിലുള്ള യു.എസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി ഡൊണാൾഡ് ട്രംപ് ഭരണകൂടം. ചൈനയിലെ യു.എസ് നയതന്ത്റ ഉദ്യോഗസ്ഥർക്കും ഇവരുടെ കുടുംബാംഗങ്ങൾക്കും മറ്റ് സർക്കാർ പ്രതിനിധികൾക്കും ഇത് ബാധകമാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. നിർദ്ദേശം ജനുവരിയിൽ തന്നെ നൽകിയെന്നാണ് റിപ്പോർട്ട്. ചൈനയ്ക്ക് പുറത്തുള്ള യു.എസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം ബാധകമല്ല. നിലവിൽ ചൈനീസ് പൗരന്മാരുമായി ബന്ധമുള്ളവർക്ക് ഇളവിനായി അപേക്ഷിക്കാം. അപേക്ഷ നിരസിക്കപ്പെട്ടാൽ ചൈനീസ് പൗരന്മാരുമായുള്ള ബന്ധം ഉപേക്ഷിക്കാനോ ജോലി ഉപേക്ഷിക്കാനോ തയ്യാറാകണം. നിർദ്ദേശം ചൈനയിലെ ഉദ്യോഗസ്ഥരോട് യു.എസ് ഭരണകൂടം നേരിട്ട് അറിയിച്ചെങ്കിലും പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ടിനോട് പ്രതികരിക്കാൻ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തയ്യാറായില്ല.