യൂനുസിന് ജയശങ്കറിന്റെ മറുപടി
ബാങ്കോക്ക്: സഹകരണം എന്നത് ലാഭകരമായ അവസരങ്ങൾ മാത്രം തിരഞ്ഞെടുത്ത് അഭിപ്രായ പ്രകടനങ്ങൾ നടത്തേണ്ട ഒന്നല്ലെന്ന് വിദേശകാര്യ മന്ത്റി എസ്. ജയശങ്കർ. ഇന്നലെ ബാങ്കോക്കിൽ 20 -ാമത് ബിംസ്റ്റെക് മന്ത്റിതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ച് ബംഗ്ലാദേശ് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ് നടത്തിയ വിവാദ പ്രസ്താവനയ്ക്കുള്ള തിരിച്ചടിയായിരുന്നു ജയശങ്കറിന്റെ പ്രസ്‌താവന. ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ കരയാൽ ചുറ്റപ്പെട്ടതാണെന്നും മേഖലയിൽ സമുദ്റത്തിന്റെ കാവലാൾ ഞങ്ങളാണെന്നും ചൈനീസ് സന്ദർശനത്തിനിടെ യൂനുസ് പറഞ്ഞിരുന്നു. ഈ അവസരം പ്രയോജനപ്പെടുത്തി ബംഗ്ലാദേശിലേക്ക് ചൈന സമ്പദ്‌വ്യവസ്ഥ വ്യാപിപ്പിക്കണമെന്നും യൂനുസ് പറഞ്ഞിരുന്നു. ബംഗാൾ ഉൾക്കടലിന്റെ ഏറ്റവും ദൈർഘ്യമേറിയ തീരപ്രദേശം ഇന്ത്യയ്ക്കാണെന്നും (ഏകദേശം 6,500കിലോമീറ്റർ ) ജയശങ്കർ വ്യക്തമാക്കി. തീവ്രവാദം, മയക്കുമരുന്ന് വ്യാപാരം, സൈബർ കുറ്റകൃത്യങ്ങൾ, മനുഷ്യക്കടത്ത് തുടങ്ങിയ വെല്ലുവിളികളെ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള ചട്ടക്കൂടുകൾ സൃഷ്ടിക്കണമെന്നും ബിംസ്റ്റെക് രാജ്യങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു.