മോദിയും ബംഗ്ലാദേശ് മുഖ്യ ഉപദേഷ്‌ടാവ് യൂനുസും കൂടിക്കാഴ്‌ച നടത്തി; അത്താഴവിരുന്നിലും പങ്കെടുത്തത് ഒരുമിച്ച്

Friday 04 April 2025 12:51 PM IST

ബാങ്കോക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിന്റെ മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസുമായി തായ്‌ലൻഡിൽ കൂടിക്കാഴ്‌ച നടത്തി. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കെയാണ് കൂടിക്കാഴ്‌ച. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഷെയ്‌ഖ് ഹസീനയെ ബംഗ്ലാദേശ് ഭരണകൂടം പുറത്താക്കിയതിന് ശേഷമുള്ള ആദ്യത്തെ കൂടിക്കാഴ്‌ചയാണിത്. ബിംസ്റ്റെക് ഉച്ചകോടിക്കിടെയാണ് യൂനുസും മോദിയും കൂടിക്കാഴ്ച നടത്തിയത്.

ഉഭയകക്ഷി ചർച്ചകൾക്ക് മുമ്പ് ഇരു നേതാക്കളും ഹസ്‌തദാനം നൽകിയതായും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. ഇന്നലെ രാത്രി നടന്ന ബിംസ്റ്റെക് നേതാക്കളുടെ അത്താഴവിരുന്നിൽ മോദിയും യൂനുസും അടുത്തടുത്തായാണ് ഇരുന്നത്. ഇതും രാജ്യങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങളിൽ ഒത്തുതീർപ്പുണ്ടായോ എന്ന സംശത്തിന് ആക്കം കൂട്ടുന്നുണ്ട്.

ചൈനീസ് സന്ദർശനത്തിനിടെ ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ച് യൂനുസ് നടത്തിയ പരാമർശം വിവാദമായിരുന്നു. ഈ സംഭവം കഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖല കരയാൽ മാത്രം ചുറ്റപ്പെട്ടതാണെന്നും കടൽബന്ധമില്ല എന്നുമായിരുന്നു യൂനുസിന്റെ പരാമർശം. ബംഗ്ലാദേശിന് മാത്രമാണ് സമുദ്രത്തിലേക്ക് നേരിട്ട് ബന്ധമുള്ളത്. വികസനം വിപുലീകരിക്കാൻ ചൈനയ്ക്ക് ബംഗ്ലാദേശിനെ ഉപയോഗിക്കാമെന്നും ബെയ്ജിംഗിൽ യൂനുസ് പറഞ്ഞു. ബംഗ്ലാദേശിൽ ചൈനീസ് നിക്ഷേപം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ സംസ്ഥാനങ്ങളെക്കുറിച്ച് യൂനുസ് പറഞ്ഞത്.

‘ഇന്ത്യയുടെ ഏഴ് സംസ്ഥാനങ്ങൾ, സപ്ത സഹോദരിമാരെന്ന് അറിയപ്പെടുന്ന ഇന്ത്യയുടെ കിഴക്കൻ ഭാഗം. അത് കരയാൽ മാത്രം ചുറ്റപ്പെട്ട ഇന്ത്യയുടെ പ്രദേശമാണ്. അവർക്ക് കടലുമായി ബന്ധപ്പെടാൻ മാർഗമില്ല. ഇതൊരു വലിയ അവസരമാണ്. ചൈനീസ് സമ്പദ്‌വ്യവസ്ഥ വിപുലമാക്കാൻ ഇതിനെ ഉപയോഗിക്കാം. ബംഗ്ലാദേശില്‍ നിന്ന് നിങ്ങൾക്ക് എവിടേക്കും പോകാനാകും. ഈ മേഖലയിലെ സമുദ്രത്തിന്റെ കാവലാൾ ഞങ്ങളാണ്. ഇത് വലിയ അവസരങ്ങളാണ് തുറന്നിടുന്നത്. ചൈനയ്ക്ക് ഇത് ഉപയോഗിക്കാം. നിർമാണങ്ങളും ഉൽപാദനവും വിപണനവും നടത്താം’- ബെയ്ജിംഗിലെ പ്രസിഡൻഷ്യൽ ഹോട്ടലിൽ ‘സുസ്ഥിര വികസനവും ഊർജവും’ എന്ന വിഷയത്തിൽ നടത്തിയ ഉന്നതതല ചർച്ചയിൽ യൂനുസ് പറഞ്ഞു.