നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി ഷോൺ ജോർജിനെ ബിജെപി പരിഗണിക്കുമെന്ന് സൂചന, മുനമ്പം തുണയാകുമെന്ന് പ്രതീക്ഷ

Friday 04 April 2025 4:39 PM IST

നിലമ്പൂർ: നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യുവ നേതാവ് ഷോൺ ജോർജിനെ ബിജെപി മത്സരരംഗത്തിറക്കിയേക്കുമെന്ന് സൂചന. നിലവിൽ 20 ശതമാനം ക്രൈസ്‌‌തവ വോട്ടുകളാണ് മണ്ഡലത്തിൽ ഉള്ളത്. മണ്ഡലത്തിൽ നിന്നുള്ള ക്രൈസ്‌തവ നേതാവിനെയും പാർട്ടി പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.

വഖഫ് ഭേദഗതി ബിൽ ലോക്‌സഭയും രാജ്യസഭയും കടന്നതിന്റെയും തുടർന്ന് മുനമ്പത്തെ അനുകൂല സാഹചര്യവും കണക്കാക്കിയാണ് ബിജെപി ഇത്തരത്തിൽ ആലോചന നടത്തുന്നത്. നിലമ്പൂരിലെ പരമ്പരാഗത വോട്ടുകൾക്ക് പുറമേ കൃസ്‌ത്യൻ വോട്ടുകൾ കൂടി സ്വന്തമാക്കാനാണ് ബിജെപി ശ്രമം. അതേസമയം യുവനേതാവ് അനൂപ് ആന്റണിയുടെ പേരും ഇവിടെ ‌പരിഗണിക്കുന്നവരിൽ പറഞ്ഞുകേൾക്കുന്നുണ്ട്.

അതേസമയം വഖഫ് ഭേദഗതി ബിൽ രാജ്യസഭയും കടന്നതിന് പിന്നാലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവരും ഷോൺ ജോർജും മറ്റ് ബിജെപി നേതാക്കളും ചേർന്ന് മുനമ്പത്ത് സന്ദർശനം നടത്തിയിരുന്നു. മുനമ്പം സമിതി ചെയർമാൻ ജോസഫ് റോക്കി അടക്കം അൻപതുപേർ ബിജെപി അംഗത്വമെടുത്തു. ലോക്‌സഭയിൽ ബിൽ പാസായ ശേഷം ഇന്നലെ ഉച്ചയ്‌ക്ക് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു ആണ് രാജ്യസഭയിൽ ബിൽ അവതരിപ്പിച്ചത്. നീണ്ട 12 മണിക്കൂർ ചർച്ചയ്‌ക്ക് ഒടുവിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ബിൽ പാസായി. ഇതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും ജയ് വിളിച്ചും പടക്കം പൊട്ടിച്ചും മുനമ്പം നിവാസികൾ ആഹ്ളാദ പ്രകടനം നടത്തിയിരുന്നു.