വായനശാലക്കായി വിഷുക്കണി
കണ്ണൂർ : പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡവലപ്‌മെന്റിന്റെ നേതൃത്വത്തിൽ എല്ലാ വാർഡിലും വായനശാല എന്ന ലക്ഷ്യവുമായി വിഷുക്കണി ഏഴിന് കൂടാളിയിൽ ആരംഭിക്കും. ഉച്ചക്ക് രണ്ടിന് കൂടാളി യു.പി സ്‌കൂൾ ഓഡിറ്റോറിയത്തിൽ കനിമൊഴി, കെ.കെ.ശൈലജ, വി.ശിവദാസൻ എം.പി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്‌നകുമാരി എന്നിവർ ചേർന്ന് ഉദ്‌ഘാടനംചെയ്യും.ലഹരിക്കെതിരെ വിദ്യാർത്ഥികളുടെ ജില്ലാതല കാവ്യസദസും സംഘടിപ്പിക്കും. അലോഷി പാടുന്നു ഗാനസദസും കലാപരിപാടികളുമുണ്ടാകും. ഈ മാസം 17വരെ നടക്കുന്ന വിഷുക്കണിയുടെ ഭാഗമായി ഇരുപതോളം പഞ്ചായത്തുകളിൽ സമ്പൂർണവായനശാല പ്രഖ്യാപനങ്ങൾ നടത്തും. എട്ടിന് പരിയാരം, പെരിങ്ങോം വയക്കര പഞ്ചായത്തുകളും ഒമ്പതിന് നാറാത്തും പരിപാടി നടക്കും.വാർത്താസമ്മേളനത്തിൽ കൂടാളി പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഷൈമ, തദ്ദേശവകുപ്പ് അസി.ഡയറക്ടർ ഡോ.എം.സുർജിത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പദ്‌മനാഭൻ, സംഘാടകസമിതി ചെയർമാൻ ഇ.സജീവൻ, കെ.എം.കരുണാകരൻ എന്നിവർ പങ്കെടുത്തു.