മെട്രോയും ബെവ്കോയും തമ്മിൽ
ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവുമധികം വൈവിദ്ധ്യവത്കരണം നടപ്പാക്കിയ പൊതുമേഖലാ സ്ഥാപനം ഒരു പക്ഷേ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡായിരിക്കും. മെട്രോ ട്രെയിനുകൾക്ക് പുറമേ വാട്ടർ മെട്രോ, ഇലക്ട്രിക് സർക്കുലർ ബസുകൾ, സ്റ്റേഷനുകളിലെ കിയോസ്കുകൾ തുടങ്ങിയവ ഉദാഹരണം. പ്രധാന മെട്രോ സ്റ്രേഷനുകളിൽ ബീവറേജസ് ഔട്ട്ലെറ്റുകൾ തുടങ്ങാനുള്ള പദ്ധതിയാണ് ഇപ്പോൾ ഏറെ ചർച്ചയാകുന്നത്.
''അങ്കവും കാണാം താളിയും ഒടിക്കാം.'' എന്നൊരു ചൊല്ലുണ്ട്. ഒറ്റപ്പോക്കിന് ഒന്നിലധികം കാര്യങ്ങൾ നടത്താമെന്നർത്ഥം. കൊച്ചി മെട്രോ റെയിലിൽ യാത്രചെയ്യുന്നവർക്ക് അത്തരത്തിലൊരു അവസരമാണ് കിട്ടാൻ പോകുന്നത്. എല്ലാവർക്കുമല്ല. ലേശം 'മിനുങ്ങുന്ന' ശീലമുള്ളവർക്ക്. മെട്രോ സ്റ്റേഷനുകളിൽ പ്രീമിയം വിദേശമദ്യ ഔട്ട്ലെറ്റുകൾ തുടങ്ങാനുള്ള ബീവറേജസ് കോർപ്പറേഷന്റെ നിർദ്ദേശം ബന്ധപ്പെട്ട വകുപ്പുകളുടെ സജീവപരിഗണനയിലാണ്. ആദ്യ ഘട്ടമായി വൈറ്റില, വടക്കേക്കോട്ട സ്റ്റേഷനുകളിൽ കൊമേഴ്സ്യൽ സ്ഥലമൊരുക്കാൻ മെട്രോ അധികൃതർ സന്നദ്ധരായിട്ടുണ്ട്. വൈറ്റിലയിലെ മദ്യ വിൽപനയ്ക്ക് എക്സൈസിന്റെ പച്ചക്കൊടി കിട്ടിക്കഴിഞ്ഞു.
ഉപാധികൾ
ഇങ്ങനെ
ഔട്ട്ലെറ്റുകളിൽ നിന്ന് മദ്യം വാങ്ങി മെട്രോ ട്രെയിനിൽ യാത്രചെയ്യുന്നതിന് കർശന ഉപാധികളുണ്ടാകും. കുപ്പി പൊട്ടിച്ച് രണ്ടിറക്ക് കുടിക്കാമെന്നാണെങ്കിൽ അത് നടക്കില്ല. പൊട്ടിക്കാത്ത കുപ്പിയുമായി മാത്രമേ ട്രെയിനിൽ കൊണ്ടുപോകാനാകൂ. ഒരു ടിക്കറ്റിന് ഇത്ര മില്ലി എന്ന പരിധിയുമുണ്ടായേക്കും. ടിക്കറ്റെടുക്കാത്തവർക്ക് ഇവിടേക്ക് പ്രവേശനവും ഉണ്ടാകില്ല.
അർബൻ പ്രൊഫഷണലുകൾ, ടൂറിസ്റ്റുകൾ, നൈറ്റ് ലൈഫ് ആസ്വദിക്കാനത്തുന്നവർ തുടങ്ങിയവരെയൊക്കെ ആകർഷിക്കാനാണ് പ്രീമിയം ഔട്ടലെറ്റുകൾ സജ്ജമാക്കുന്നത്. 1000 രൂപയ്ക്ക് മുകളിലുള്ള ബ്രാൻഡുകളാകും വിൽപനയ്ക്കുണ്ടാകുക. പദ്ധതി യാഥാർത്ഥ്യമായാൽ ബെവ്കോയുടെ കൂടുതൽ ഔട്ട്ലെറ്റുകൾക്ക് സാദ്ധ്യതയുണ്ട്. കാരണം പുതിയ റൂട്ടുകളും സ്റ്റേഷനുകളും വരാനിരിക്കുകയാണ്. അതേസമയം മെട്രോയും ബെവ്കോയും കൈകോർക്കുന്നതിനെ എതിർക്കുന്നവരുമുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷാസ്വാതന്ത്ര്യത്തോടെ ഏത് രാത്രിയും എത്താവുന്ന മെട്രോ സ്റ്റേഷനുകളിൽ മദ്യവിൽപന ശാലകൾ തുറക്കുന്നതോടെ സാമൂഹികവിരുദ്ധർ തമ്പടിക്കുമെന്നാണ് ആശങ്ക.
ഇൻഫോപാർക്കും
എയർപോർട്ടും
ടെക്കികളുടെ ഹബ്ബായ ഇൻഫോപാർക്കിലേക്ക് അടുത്തവർഷം മെട്രോ ട്രെയിനിന്റെ ചക്രമുരുളും. നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള റൂട്ടും ചർച്ചകളിലുണ്ട്. ജെ.എൽ.എൻ സ്റ്റേഡിയം സ്റ്റേഷനിൽ നിന്ന് കാക്കനാട് വഴി ഇൻഫോപാർക്കുവരെ നീളുന്നതാണ് കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പദ്ധതി. 1,957 കോടി ചെലവിലാണ് പിങ്ക് ലൈൻ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി പുരോഗമിക്കുന്നത്. ഇൻഫോപാർക്കിലേക്ക് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം നീളുമെന്നതാണ് ശ്രദ്ധേയം. ഐ.ടി ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് ഈ റൂട്ട് ഏറെ സഹായകരമാകും.
ആലുവയിൽ നിന്ന് അങ്കമാലിയിലേക്കാണ് മെട്രോ റെയിലിന്റെ മൂന്നാംഘട്ടം. കൊച്ചി വിമാനത്താവളത്തെ ബന്ധിപ്പിച്ച് ആലുവ-അങ്കമാലി മെട്രോ മൂന്നാംഘട്ടത്തിന് ഡി.പി.ആർ തയ്യാറാക്കാൻ കെ.എം.ആർ.എൽ കൺസൾട്ടൻസികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.
ആറുമാസത്തിനുള്ളിൽ ഡി.പി.ആർ സമർപ്പിക്കണം. എലിവേറ്റഡ്, ഭൂഗർഭ പാതകളാണോ രണ്ടും ചേർന്നതാണോ സാമ്പത്തികമായി കൂടുതൽ അഭികാമ്യമെന്ന് കണ്ടെത്താനാണ് നിർദ്ദേശം. ഏറ്റെടുക്കേണ്ട സ്ഥലവും മാറ്റിപ്പാർപ്പിക്കേണ്ടവരുടെ എണ്ണവും പരമാവധി കുറയ്ക്കുകയും വേണം.
ലാഭക്കുതിപ്പ്
മൂന്നുവർഷം മുമ്പ് 35 കോടിയുടെ നഷ്ടം രേഖപ്പെടുത്തിയ കൊച്ചി മെട്രോ ഇപ്പോൾ 25 കോടി ലാഭത്തിലാണ്. പ്രതിദിനം ശരാശരി 31,229 യാത്രക്കാർ എന്നത് 88,292 ആയി ഉയർന്നു. പ്രതിദിന ടിക്കറ്റ് വരുമാനം 10 ലക്ഷത്തിൽ നിന്ന് 30 ലക്ഷമായി.
അതിനിടയിൽ ടിക്കറ്ര് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചി മെട്രോയുടെ വൈവിദ്ധ്യവത്കരണം. 2021-22 ൽ ടിക്കറ്റ് ഇതര വരുമാനം 35.86 കോടിരൂപയായിരുന്നെങ്കിൽ 2023-24ൽ 51.24 കോടിയാണ്. കൊമേഴ്സ്യൽ സ്പേസ് കൂടുതൽ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി കളമശേരി സ്റ്റേഷനിൽ സ്വകാര്യ സംരംഭകർക്ക് ഫുഡ് കോർട്ട് കം റസ്റ്റോറന്റിന് സ്ഥലം അനുവദിക്കും. കളമശേരിയിൽ ബി.പി.സി.എൽ സഹകരണത്തോടെ പെട്രോൾ പമ്പും ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുമാണ് മറ്റൊരു പ്രധാനപദ്ധതി. എറണാകുളം സൗത്ത് സ്റ്റേഷനിലെ ബഹുനില കെട്ടിടം ഇൻഫോപാർക്കിന് പാട്ടത്തിന് നൽകാനും തീരുമാനമായിട്ടുണ്ട്.
മുൻപ് വിവിധ ബാങ്കുകൾക്കും മറ്റ് വാണിജ്യ സ്ഥാപനങ്ങൾക്കും മെട്രോ സ്റ്റേഷനുകളിൽ ലീസിന് സ്ഥലം അനുവദിച്ചിരുന്നു. ആലുവ, കമ്പനിപ്പടി സ്റ്റേഷനുകളിൽ എസ്.ബി.ഐ, ആലുവ സ്റ്റേഷനിൽ ഫെഡറൽ ബാങ്ക്, എം.ജി റോഡ് സ്റ്റേഷനുകളിൽ കാനറ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ എന്നീ ബാങ്കുകൾക്കാണ് സ്ഥലം അനുവദിച്ചിരുന്നത്.
കൂടുതൽ റൂട്ടുകളും സ്റ്റേഷനുകളും വരുന്നതോടെ കമ്പനിയുടെ ബിസിനസും വർദ്ധിക്കും. എന്നാൽ കേവലം ലാഭേച്ഛ ലക്ഷ്യമിട്ടുള്ളതാകരുത് പൊതുസ്ഥാപനമായ മെട്രോയുടെ ഇതര പ്രവർത്തനങ്ങൾ. വരേണ്യവർഗത്തെ മാത്രം ലക്ഷ്യമിട്ടുള്ളതുമാകരുത്. കൊച്ചിയിൽ ഹ്രസ്വ സന്ദർശനത്തുന്നവർക്ക് കുറഞ്ഞചെലവിൽ തങ്ങാനുള്ള എ.സി. ഡോർമെറ്ററികൾ എം.ജി. റോഡ് സ്റ്റേഷനുകളിലുണ്ട്. ഇത്തരത്തിൽ സാധാരണക്കാരെ കൂടി മുന്നിൽക്കണ്ടുള്ള സേവനങ്ങളും മെട്രോയിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നുണ്ട്.
മദ്യം വാങ്ങി മെട്രോ ട്രെയിനിൽ യാത്രചെയ്യുന്നതിന് കർശന ഉപാധികളുണ്ടാകും. കുപ്പി പൊട്ടിച്ച് രണ്ടിറക്ക് കുടിക്കാമെന്നാണെങ്കിൽ അത് നടക്കില്ല. പൊട്ടിക്കാത്ത കുപ്പിയുമായി മാത്രമേ ട്രെയിനിൽ കൊണ്ടുപോകാനാകൂ.